കണ്ണൂർ: തലശ്ശേരിയിൽ ആറ് വയസുകാരനെ യുവാവ് ചവിട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയോയെന്ന പരിശോധന തുടങ്ങി. വ്യാഴാഴ്ച രാത്രി സംഭവം നടന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. ഇതിൽ തലശ്ശേരി പൊലീസിന് സംഭവിച്ച വീഴ്ചയാണ് എഎസ്പി നിഥിൻ രാജ് അന്വേഷിക്കുക. സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്ഐ അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കും. അക്രമത്തിനിരയായ കുട്ടിയിപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. കുട്ടിയെ തൊഴിച്ച മുഹമ്മദ് ഷിഹാദിനെ കോടതി ഇന്നലെ പതിന്നാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് ദാരുണ സംഭവമുണ്ടായത്. തന്റെ കാറിൽ ചവിട്ടിയെന്നാരോപിച്ചാണ് മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ യുവാവ്, രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ചത്. ക്രൂര കൃത്യത്തിൻറെ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ടായിട്ടും തുടക്കത്തിൽ കേസെടുക്കാതെ പൊലീസ് പ്രതിയെ വിട്ടയക്കുകയായിരുന്നു.