പാലക്കാട് : അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലകളില്‍ പ്രതികരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കി. എ.ഐ.പി.എഫ്, പി.യു.സി.എല്‍, എന്‍.എം.പി.എം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മുന്നില്‍ ഹാജറായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ടാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഫിറോസ് എം.ഷെഫീഖിന് മുന്നില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം.
മേലേ മഞ്ചിക്കണ്ടി റിസര്‍വ്വ് വനത്തില്‍ വെച്ച് ഒക്ടോബര്‍ 29ന് നടന്ന വെടിവെപ്പില്‍ മണിവാസകം മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊഴി രേഖപ്പെടുത്തുന്നതിന് ഹാജരാവണം എന്നാവശ്യപ്പെട്ടാണ് മനുഷ്യാവകശാ പ്രവര്‍ത്തകനായ അഡ്വ. പി എ പൌരന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്.