സുനിക്കെതിരെയുള്ള ദിലീപിന്റേയും നാദിര്‍ഷയുടെയും പരാതി വൈകിയതില്‍ അന്വേഷണം

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ബ്ലാക്ക് മെയിലിങ്ങില്‍ ദിലീപിന്റേയും നാദിര്‍ഷയുടെയും പരാതി വൈകിയതില്‍ അന്വേഷണം.

ജയിലില്‍ നിന്ന് സഹതടവുകാരനായ വിഷ്ണുവിന്റെ പേരില്‍ പള്‍സര്‍ സുനി തുടര്‍ച്ചയായി വിളിച്ചിട്ടും ആഴ്ചകള്‍ക്ക് ശേഷമാണ് ഇവര്‍ പരാതിപ്പെട്ടത്. ഇത് എന്തുകൊണ്ടാണെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

വിഷ്ണു ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌തെന്നായിരുന്നു ദിലീപിന്റയും നാദിര്‍ഷയുടെയും പരാതി.

ഫോണ്‍ സംഭാഷണത്തില്‍ ഒന്നരക്കോടി തന്നില്ലങ്കില്‍ ദിലീപിന്റെ പേര് പറഞ്ഞാല്‍ രണ്ടര കോടി തരാനാളുണ്ടെന്നായിരുന്നു ഭീഷണി.
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ എന്നിവരുടെ പേരു പറഞ്ഞുകൊണ്ടായിരുന്നു ഭീഷണി കോള്‍.

ഇക്കാര്യം ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ദിലീപ് ചൂണ്ടിക്കാണിക്കുകയും ഓഡിയോ ക്ലിപ്പ് ഹാജരാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പരാതി നല്‍കി മാസങ്ങളോളം ഒരു നടപടിയും സ്വീകരിക്കാതിരുന്ന പൊലീസാണിപ്പോള്‍ പരാതി നല്‍കാന്‍ വൈകിയതിന്റെ കാരണം അന്വേഷിച്ച് രംഗത്തിറങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സഹതടവുകാരനായ വിഷ്ണുവിന്റെ പേരില്‍ പള്‍സര്‍ സുനി തന്നെയാണ് പണം തട്ടാന്‍ ഫോണ്‍ ചെയ്തതെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിയുകയായിരുന്നു.

Top