തിരുവനന്തപുരം : തിരുവനന്തപുരം എസ്എപി ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്റ് പി.വി.രാജുവിനെതിരെ വകുപ്പതല അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു. ബറ്റാലിയന്‍ ഐ.ജി ജയരാജാണ് അന്വേഷണം നടത്തുക.
രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടില്‍ ടൈല്‍സ് പാകാനായി നാല് പേരെ നിയോഗിച്ചെന്നാണ് പരാതി. പണി ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഡി.ജി.പിക്ക് നല്‍കിയ പരാതിക്കൊപ്പമുണ്ട്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. അന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ ജോലി ചെയ്‌തെന്നും പൊലീസിലെ ദാസ്യപ്പണി വിവാദം പുറത്ത് വന്നതോടെ തങ്ങളെ പറഞ്ഞു വിടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, ആരോപണം രാജു നേരത്തെ നിഷേധിച്ചിരുന്നു. എസ്.എ.പി ക്യാംപിലെ ദിവസവേതനക്കാരെ വീട്ടില്‍ ജോലിക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് അദ്ദേത്തിന്റെ നിലപാട്.
പരാതികളുടെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരുടെ വീടുകളിലെ ദാസ്യപ്പണിയെക്കുറിച്ച് കണക്കെടുപ്പ് തുടങ്ങിയിരുന്നു. വീടുകളില്‍ നിര്‍ത്തിയിരിക്കുന്ന ക്യാംപ് ഫോളോവേഴ്‌സിന്റെ കണക്ക് ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിര്‍ദേശവും നല്‍കിയിരുന്നു.