രാജ്യാന്തര വിപണി ഫെഡ് ഫിയറിൽ നട്ടംതിരിഞ്ഞ കഴിഞ്ഞ ആഴ്ചയിൽ ജി-20 ആവേശത്തിന്റെ കൂടി പിന്തുണയിൽ ഇന്ത്യൻ വിപണി മികച്ച മുന്നേറ്റം നടത്തി. മുൻആഴ്ചയിലെ എഫ്&ഓ ക്ളോസിങ് ദിനത്തിൽ തകർച്ച നേരിട്ട ശേഷം വെള്ളിയാഴ്ച മുതൽ തിരിച്ചു കയറി തുടങ്ങിയ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിൽ ഒന്നര ശതമാനത്തോളം നേട്ടമുണ്ടാക്കി. പൊതു മേഖല ഓഹരി സൂചിക 5%ൽ കൂടുതൽ മുന്നേറിയപ്പോൾ റിയൽറ്റി, എനർജി സെക്ടറുകൾ 4%ൽ കൂടുതലും, ഇൻഫ്രാ, പൊതു മേഖല ബാങ്കുകൾ, സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾ 3%ൽ കൂടുതലും നേട്ടം കഴിഞ്ഞ ആഴ്ചയിൽ സ്വന്തമാക്കി. ഐടി സെക്ടർ കഴിഞ്ഞ ആഴ്ചയിൽ 2% നേട്ടം കുറിച്ചു.
ആഴ്ചയുടെ ആദ്യ ദിനങ്ങളിൽ തന്നെ നിഫ്റ്റി 50ദിന മൂവിങ് ആവറേജിന് മുകളിൽ വന്നതും, ബാങ്കിങ് ഓഹരികളിൽ വാങ്ങൽ പ്രകടമായതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. എച്ച്ഡിഎഫ്സി ബാങ്കിൽ ബുധനാഴ്ച വന്ന വാങ്ങലാണ് ഇന്ത്യൻ വിപണിയുടെ തുടർമുന്നേറ്റത്തിന് അടിത്തറയിട്ടത്. വെള്ളിയാഴ്ച 19867 പോയിന്റ് വരെ മുന്നേറിയ ശേഷം 19819 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 19600 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 50 ഡിഎംഎ ആയ 19500 പോയിന്റിന് സമീപം പിന്തുണ നേടിയേക്കാം. 19880 പോയിന്റ് പിന്നിട്ടാൽ 19960 പോയിന്റിലാണ് റെക്കോർഡ് തിരുത്തുന്നതിന് മുൻപ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ്.
ചൈനയുടെ അസാന്നിധ്യത്തിൽ ഇന്ത്യയിൽ നടക്കുന്ന ജി20 യോഗത്തിൽ ഇന്ത്യയുടെ മുന്നേറ്റം തന്നെയാണ് ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത്. ഇന്ത്യയിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള റെയിൽപാതയും മറ്റും മിഡിൽ ഈസ്റ്റിലെ വ്യാപാരത്തിൽ ഇന്ത്യക്ക് മേൽക്കൈ നൽകും.
അമേരിക്കൻ നേവി മാസഗോൺ ഡോക്കുമായി കപ്പൽ അറ്റകുറ്റപണികൾക്കുള്ള ധാരണയായതും, ഇന്ത്യൻ ലിക്കറിന് ജി-20 രാജ്യങ്ങളിൽ നികുതിയൊഴികെയുള്ള കാര്യങ്ങൾക്ക് പിന്തുണ നേടിയതുമടക്കമുള്ള ജി-20 യോഗം തുടങ്ങുന്നതിന് മുൻപ് തന്നെ ഇന്ത്യൻ കോർപറേറ്റുകൾ നേട്ടമുണ്ടാക്കിക്കഴിഞ്ഞു. ജി-20 യോഗം ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തിന് കൂടുതൽ നേട്ടങ്ങൾ നൽകുമെന്ന് കരുതുന്നു.
ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പിസിഇ ഡേറ്റ വിപണി അനുമാനത്തിനൊപ്പം നിന്നതും, അമേരിക്കൻ ജിഡിപി വിപണി പ്രതീക്ഷിച്ച മുന്നേറ്റം നേടാതിരുന്നതും ഫെഡ് നിരക്ക് വർദ്ധിപ്പിക്കില്ല എന്ന വിപണിപ്രതീക്ഷ വളർത്തിയത് മുൻ ആഴ്ചയിൽ വിപണിമുന്നേറ്റത്തിന് കാരണമായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച പുറത്ത് വന്ന സർവിസ് പിഎംഐയും, ജോബ് ഡേറ്റയും അടക്കമുള്ള അമേരിക്കൻ ഡേറ്റകൾ ഫെഡ് റിസർവിന് നിരക്ക് വർദ്ധനക്ക് അനുകൂലമാണെന്നത് ലോക വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ ക്ഷീണമായി. ഫെഡ് റിസർവ് നിരക്ക് വർധന ഭീഷണിയുടെ പിൻബലത്തിൽ ഡോളറും അമേരിക്കൻ ബോണ്ട് യീൽഡും മുന്നേറിയത് കഴിഞ്ഞ ആഴ്ച അമേരിക്കൻ വിപണിക്കൊപ്പം യൂറോപ്യൻ വിപണികൾക്കും, ഇന്ത്യ ഒഴികെയുള്ള ഏഷ്യൻ വിപണികൾക്കും തിരുത്തൽ നൽകി.
അമേരിക്കൻ ഫെഡ് റിസർവിന്റെ അടുത്ത യോഗത്തിന്റെ തീരുമാനങ്ങൾ സെപ്തംബർ ഇരുപതിന് പുറത്ത് വരുന്നത് ലോക വിപണിക്ക് തന്നെ നിർണായകമാണ്. ബുധനാഴ്‌ച വരുന്ന അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ ഫെഡ് തീരുമാനങ്ങളെക്കുറിച്ച് സൂചന നൽകുമെന്നതിനാൽ ലോക വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് കാരണമായേക്കാം.
അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പകണക്കുകൾ സൂചിപ്പിക്കുന്ന സിപിഐ ഡാറ്റ ബുധനാഴ്ചയും, ഫാക്ടറി ഗേറ്റ് വിലസൂചികകയായ പിപിഐ ഡേറ്റ വ്യാഴ്ചയും പുറത്ത് വരുന്നത് അമേരിക്കൻ വിപണിക്ക് നിർണായകമാണ്. ജൂലൈ മാസത്തിൽ വാർഷിക വളർച്ച വിപണി അനുമാനത്തേക്കാൾ മെച്ചപ്പെട്ട് 3.2%ൽ ഒതുങ്ങിയത് വിപണിക്ക് അനുകൂലമായിരുന്നു. കോർ സിപിഐയുടെ വാർഷിക വളർച്ചയും വിപണി അനുമാനത്തേക്കാൾ മെച്ചപ്പെട്ട് 4.7%ലേക്ക് കുറഞ്ഞിരുന്നു.
വ്യാഴാഴ്ച വരുന്ന റീറ്റെയ്ൽ വില്പനക്കണക്കുകളും, വെള്ളിയാഴ്ച വരുന്ന വ്യവസായികോല്പാദനകണക്കുകളും, മിഷിഗൺ യൂണിവേഴ്സിറ്റിയുടെ കൺസ്യൂമർ സെന്റിമെൻറ്, ഇൻഫ്‌ളേഷൻ അനുമാനങ്ങളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.
ചൊവ്വാഴ്ച വരുന്ന ബ്രിട്ടീഷ് തൊഴിലില്ലായ്മ നിരക്കും, സ്പാനിഷ് സിപിഐ ഡേറ്റയും, ബുധനാഴ്ച വരുന്ന ബ്രിട്ടീഷ് ജിഡിപി- വ്യവസായികോല്പാദന കണക്കുകളും യൂറോപ്യൻ വിപണിയെ സ്വാധീനിച്ചേക്കാം. വെള്ളിയാഴ്ചയാണ് ഫ്രഞ്ച്, ഇറ്റാലിയൻ സിപിഐ കണക്കുകളും ജർമൻ പിപിഐ കണക്കുകളും പുറത്ത് വരുന്നത്.
വെള്ളിയാഴ്ച വരുന്ന ചൈനയുടെ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ കണക്കുകൾ ലോക വിപണിയെ തന്നെ സ്വാധീനിക്കും. ചൈനയുടെ റീറ്റെയ്ൽ വില്പന- തൊഴിലില്ലായ്മ കണക്കുകളും വെള്ളിയാഴ്ച തന്നെയാണ് പുറത്ത് വരിക.
ചൊവ്വാഴ്ച വരുന്ന ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ജൂലൈ മാസത്തിൽ 7.44% വാർഷിക വളർച്ച കുറിച്ച ഇന്ത്യയുടെ കൺസ്യൂമർ പ്രൈസ് ഇൻഡക്സിന്റെ ഓഗസ്റ്റിലെ വളർച്ചയുടെ തോത് കുറഞ്ഞിട്ടുണ്ടാകാമെന്ന് കരുതുന്നു. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകൾ പുറത്ത് വരുന്നത്.
ചൊവ്വാഴ്ച തന്നെയാണ് ഇന്ത്യയുടെ വ്യവസായികോല്പാദനകണക്കുകൾ വെളിപ്പെടുത്തുന്ന ഐഐപി ഡേറ്റയും, മാനുഫാക്ച്ചറിങ് ഔട്പുട്ടും പുറത്ത് വരുന്നത്.
ഓഹരികളും സെക്ടറുകളും
2000 രൂപ നോട്ട് നിരോധനവുമായി ബന്ധപ്പെടുത്തി ഏർപ്പെടുത്തിയ ‘അധിക’ റിസേർവ് റേഷ്യോ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന പ്രഖ്യാപനവും ബാങ്കിങ് ഓഹരികൾക്ക് അനുകൂലമാണ്. വീണ്ടും 45000 പോയിന്റ് കടന്ന ബാങ്ക് നിഫ്റ്റി കൂടുതൽ മുന്നേറ്റ പ്രതീക്ഷയിലാണ്.
കഴിഞ്ഞ 12 മാസത്തിനിടയിലെ ഏറ്റവും മികച്ച നിരക്കിലേക്ക് മുന്നേറി 32000 പോയിന്റ് കടന്ന് നിൽക്കുന്ന നിഫ്റ്റി ഐടി തുടർമുന്നേറ്റ പ്രതീക്ഷയിലാണ്. നാസ്ഡാകിന്റെ സ്വാധീനമുണ്ടാകാമെങ്കിലും ജി20 അടക്കമുള്ള അനുകൂലഘടകങ്ങൾ ഇന്ത്യൻ ഐടിക്കും ബ്രെക്ക്‌ഔട്ട് നൽകിയേക്കാം.
ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുടെ വികാസത്തിനായി എൻവിഡിയ റിലയൻസുമായും, ടാറ്റ കമ്യൂണിക്കേഷനുമായും കൈകോർക്കുന്നത് ഇരു ഓഹരികൾക്കും അനുകൂലമാണ്.
റിലയൻസിന്റെ സെമികണ്ടക്ടർ മേഖലയിലേക്കുള്ള പ്രവേശനപ്രഖ്യാപനം ഓഹരിവിലയിൽ ഓളമുണ്ടാക്കിയേക്കാമെന്നത് ഇന്ത്യൻ വിപണിക്കും അടുത്ത ആഴ്ചയിൽ പ്രതീക്ഷയാണ്. വാർഷിക പൊതു യോഗത്തിലെ മൂലധനനിക്ഷേപപ്രഖ്യാപനങ്ങൾ തിരുത്തൽ നൽകിയ റിലയൻസ് വെള്ളിയാഴ്ച മുന്നേറ്റം ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യയിൽ നിന്നും മിഡിൽ ഈസ്റ്റിലേക്കുള്ള വൻ റെയിൽ പദ്ധതിയുടെ പ്രഖ്യാപനം വെള്ളിയാഴ്ച ഇന്ധന റെയിൽവേ ഓഹരികൾക്ക് കുതിച്ചു ചാട്ടം നൽകി.
റെയിൽവേയുടെ വൻ വികസനപ്രഖ്യാപനങ്ങളുടെ പിന്തുണയിൽ റെയിൽവേ ഓഹരികൾ കഴിഞ്ഞ ആഴ്ചയിൽ മികച്ച മുന്നേറ്റം കുറിച്ചു. ആർവിഎൻ, ഇർകോൺ, റൈറ്റ്സ്, ഐആർഎഫ്സി ഓഹരികൾ നിക്ഷേപത്തിന് ഇനിയും യോഗ്യമാണ്.
മാസഗോൺ ഡോക്കുമായി അമേരിക്കൻ നേവി യുദ്ധക്കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള ധാരണയായത് ഓഹരിക്ക് മികച്ച മുന്നേറ്റം നൽകി. ബ്രേക്ക് ഔട്ട് നേടിയ കൊച്ചിൻ ഷിപ്യാർഡും, ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്‌സും മികച്ച മുന്നേറ്റം നേടി.
ജി20 സമ്മേളത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഡിഫൻസ് ഓഹരികൾ കൂടുതൽ വിദേശ അവസരങ്ങളും പ്രതീക്ഷിക്കുന്നു.
ഗാർഡൻ റീച് ഷിപ്ബിൽഡേഴ്‌സ് ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങളിൽ നിന്നും യുദ്ധക്കപ്പലുകളുടെ ഓർഡറുകൾക്കായി ശ്രമിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്.
ഇന്ത്യൻ പവർ സെക്ടർ മുന്നേറ്റം തുടരുകയാണ്. ടാറ്റ പവറും, പിഎഫ്സിയും നേതൃത്വം കൊടുക്കുന്ന മുന്നേറ്റം അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയാണ്.
സൗദി അരാംകോയുടെ വമ്പൻ ഓർഡർ ലഭ്യമായത് എൽ&ടിക്ക് അനുകൂലമായി. ജി20യിൽ നിന്നും ഓർഡറുകൾ പ്രതീക്ഷിക്കുന്ന എൽ&ടിയുടെ ഭീമൻ ഓർഡർ ബുക്ക് ഓഹരിക്ക് വലിയ മുന്നേറ്റത്തിന് സാധ്യതയൊരുക്കുന്നു .
ഇന്ത്യൻ ലിക്കറിന് ജി-20 രാജ്യങ്ങളിൽ നികുതിയൊഴികെയുള്ള കാര്യങ്ങൾക്ക് പിന്തുണ ലഭിക്കുന്നത് ഇന്ത്യൻ ലിക്കർ ഓഹരികൾക്ക് അനുകൂലമാണ്. ഇന്ത്യൻ ലിക്കർ ഓഹരികളെല്ലാം തന്നെ കഴിഞ്ഞ ആഴ്ചയിൽ മുന്നേറ്റം നേടി.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലേക്ക് ഐഡിഎഫ്സിയുടെ ലയനം അടുത്തു വരുന്നത് ഐഡിഎഫ്സി ഫസ്റ്റിന് സമ്മർദ്ദം നൽകിയേക്കാം.
ബിഎസ്എൻഎലിനായി റേഡിയോ ആക്സസ് നെറ്റ് വർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായുള്ള അഡ്വാൻസ് ലാഭയമായത് തേജസ് നെറ്റ് വർക്കിന് അനുകൂലമാണ്. ഓഹരി മുന്നേറ്റം നേടി.
വേദാന്ത റിസോഴ്സസ് അടുത്ത ആഴ്ച വീണ്ടും നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്നത് വേദാന്ത ഓഹരിക്ക് നിർണായകമാണ്. അടുത്ത തിരുത്തലിൽ ഓഹരി പരിഗണിക്കാം.
ഐപിഓ
വാട്ടർ ട്രീറ്റ്മെന്റ് കമ്പനിയായ ഇഎംഎസ് ലിമിറ്റഡിന്റെ ഐപിഓ നാളെ ആരംഭിക്കുന്നു. പത്ത് രൂപ മുഖ വിലയുള്ള ഓഹരിയുടെ ഐപിഓ വില 200-211 രൂപയാണ്. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം.
ഇലക്ട്രിക്കൽ ഉത്പന്ന നിർമാതാക്കളായ ആർആർ കബേലിന്റെ ഐപിഓ സെപ്റ്റംബർ 13 ബുധനാഴ്ച ആരംഭിച്ച് സെപ്റ്റംബർ 16ന് അവസാനിക്കുന്നു. അഞ്ച് രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ വില 983 -1035 രൂപയാണ്.
ഗോൾഡ്മാൻ സാക്സിന്റെ പിന്തുണയോടെ വിപണിയിലേക്കെത്തുന്ന സംഹി ഹോട്ടൽസിന്റെ ക്യൂഐപിയും അടുത്ത ആഴ്ചയിൽ നടക്കുന്നു.
ക്രൂഡ് ഓയിൽ
സൗദിയുടെ ഉല്പാദന നിയന്ത്രണ ഭീഷണിയിൽ തുടർച്ചയായ രണ്ടാമത്തെ ആഴ്ചയും ക്രൂഡ് ഓയിൽ നേട്ടം കൊയ്തു. ബ്രെന്റ് ക്രൂഡ് ഓയിൽ 90 ഡോളറിന് മുകളിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്.
സ്വർണം
ഫെഡ് നിരക്ക് വർധന ഭീതി വീണ്ടും ശക്തമായതിനെത്തുടർന്ന് അമേരിക്കൻ ഡോളർ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത് സ്വർണത്തിന് വീണ്ടും തിരുത്തൽ നൽകി. രാജ്യാന്തര സ്വർണവില 1940 ഡോളറിലാണ് ക്ളോസ് ചെയ്തത്. അടുത്ത ആഴ്ചയിലെ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളും, ഫെഡ് തീരുമാനങ്ങൾ അടുത്ത വരുന്നതും സ്വർണത്തിനും നിർണായകമാണ്.