ഐ.എന്‍.എക്‌സ് മീഡിയ കേസ്; ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരട്ടെയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ പി.ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരട്ടെയെന്ന് സുപ്രീംകോടതി. രണ്ടു ദിവസം കൂടിയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.

എന്നാല്‍ ചിദംബരം സിബിഐ കസ്റ്റഡിയില്‍ തന്നെ തുടരട്ടെയെന്ന കോടതി നിലപാടിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത ശക്തമായി എതിര്‍ത്തു.

ചിദംബരത്തിനെ ഇനി ചോദ്യം ചെയ്യണമെന്നില്ല, ചോദ്യം ചെയ്യല്‍ അവസാനിച്ചെന്നും ഇനി നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. സിബിഐയുടെ റിമാന്‍ഡിനെതിരായി ചിദംബരം നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബഞ്ചിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഈ നിലപാടെടുത്തത്.

അതേസമയം,മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ പി ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യത്തിനായി ഇനി കേസ് പരിഗണിക്കുന്ന സെപ്റ്റംബര്‍ 5 വരെ വാദിക്കുകയോ അപേക്ഷ നല്‍കുകയോ ചെയ്യില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് സിംഗ്‌വിയും കോടതിയില്‍ ഉറപ്പ് നല്‍കി. ഇത് കണക്കിലെടുത്താണ് അദ്ദേഹത്തെ തിഹാറിലേക്ക് അയക്കേണ്ടതില്ല, അദ്ദേഹം സിബിഐ കസ്റ്റഡിയില്‍ തുടരട്ടെയെന്ന് സുപ്രീംകോടതിയും നിലപാടെടുത്തത്.

Top