ഐഎൻഎക്സ് മീഡിയ കേസ് : ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രിം കോടതി വിധി നാളെ

ന്യൂഡല്‍ഹി : ഐഎൻഎക്‌സ് മീഡിയ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻധനമന്ത്രിയുമായ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രിം കോടതി നാളെ വിധി പറയും. ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് വിധി പറയുന്നത്.

കേസില്‍ ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി ഡല്‍ഹി പ്രത്യേക കോടതി തള്ളിയിരുന്നു. ചിദംബരത്തിന്റെ ജുഡിഷ്യല്‍ കസ്റ്റഡി ഡിസംബര്‍ 11 വരെയാണ് നീട്ടിയത്. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ 14 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം അംഗീകരിച്ചാണ് ഡല്‍ഹി പ്രത്യേക കോടതിയുടെ തീരുമാനം.

ചിദംബരത്തിനെതിരെ ഗൗരവമായ തെളിവുകള്‍ ഉണ്ടെന്നാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നത്. ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് ചട്ടങ്ങള്‍ ലംഘിച്ച് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചിദംബരം ഇടപെട്ടതിനുള്ള തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഓഗസ്റ്റ് 21ന് ആണ് അഴിമതിക്കേസില്‍ പി. ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സെപ്റ്റംബര്‍ 5ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേക്ക് മാറ്റി. ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎന്‍എക്സ് മീഡിയ.

Top