ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ സിബിഐക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ഐഎന്‍എക്സ് മീഡിയക്ക് വിദേശ നിക്ഷേപം അനുവദിച്ച ഫയലില്‍ ഒപ്പുവെച്ചവരില്‍ മുന്‍ ധനമന്ത്രി പി.ചിദംബരം മാത്രം കേസില്‍ പ്രതിയായതില്‍ ദുരൂഹത ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.
ഫയലില്‍ ഒപ്പുവെച്ച 11 ഉദ്യോഗസ്ഥരെ സിബിഐ കേസില്‍ പ്രതിയാക്കിയില്ലെന്നും ഇവരെ വേണ്ടവിധം ചോദ്യം ചെയ്തില്ലെന്നും ജയറാം രമേശ് തുറന്നടിച്ചു. 2007ല്‍ വിദേശ നിക്ഷേപം അനുവദിക്കാന്‍ തീരുമാനമെടുത്ത ഫയലില്‍ പതിനൊന്നു ഉദ്യോഗസ്ഥര്‍ ഒപ്പുവച്ച ശേഷമാണ് ചിദംബരം അനുമതി നല്‍കിയത്.
വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും കേസില്‍ ചില വസ്തുതകള്‍ അന്വേഷിക്കാന്‍ സിബിഐ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.