ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ ഇടപാടില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് മാര്‍ച്ച് 24 വരെ കാര്‍ത്തിയെ ജുഡിഷല്‍ കസ്റ്റഡിയില്‍ വിട്ടു.
കാര്‍ത്തി കേസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിനായി കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. കേസില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കാര്‍ത്തിയെ സിബിഐ പിഡിപ്പിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാണെന്നും കാര്‍ത്തിയുടെ അഭിഭാഷകന്‍ അഭിഷേക് സിങ്‌വി കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007-ല്‍ മാധ്യമ സ്ഥാപനമായ ഐഎന്‍എക്‌സ് മീഡിയ വിദേശത്തുനിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണു കേസ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 28-നാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റു ചെയ്തത്.