ന്യൂഡല്‍ഹി: സിബിഐ, എന്‍ ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നട്ടല്ലില്ലാത്ത ചില മാധ്യമങ്ങള്‍ എന്നിവയെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ ചിദംബരത്തെ വ്യക്തിഹത്യ നടത്തുകയാണെന്ന് രാഹുല്‍ ഗാന്ധി. നിന്ദ്യമായ അധികാര ദുര്‍വിനിയോഗത്തെ ശക്തമായി അപലപിക്കുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.ഐ.എന്‍.എക്സ് മീഡിയാ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ പിന്തുണച്ച് ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
നേരത്തെ പ്രിയങ്കയും ചിദംബരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഭീരുക്കളാണ് ചിദംബരത്തെ വേട്ടയാടുന്നതെന്നും പരിണിത ഫലം എന്തായിരുന്നാലും അദ്ദേഹത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്നുമായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
അതേസമയം ഐ.എന്‍.എക്സ്. മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കില്ല.പിഴവുള്ളതിനാല്‍ കേസ് ഇന്ന് ലിസ്റ്റ് ചെയ്തില്ല. ലിസ്റ്റ് ചെയ്യാതെ എങ്ങനെ കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് എ.കെ രമണ ചോദിച്ചു. ഇതോടെ ചിദംബരത്തിന്റെ അറസ്റ്റിന് സാധ്യത തെളിഞ്ഞു.
ലിസ്റ്റ് ചെയ്ത കേസായി സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വരാത്ത സാഹചര്യത്തില്‍ സിബിഐയ്ക്ക് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ല. പിഴവിനെ തുടര്‍ന്ന് ആദ്യം നല്‍കിയ ഹര്‍ജി തിരുത്തിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഈ ഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. മിക്കവാറും നാളെ രാവിലെ മാത്രമാകും ഹര്‍ജി പരിഗണിക്കുക എന്നാണ് വിവരം.