ന്യൂഡല്‍ഹി:ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കില്ല.
പിഴവുള്ളതിനാല്‍ കേസ് ഇന്ന് ലിസ്റ്റ് ചെയ്തില്ല. ലിസ്റ്റ് ചെയ്യാതെ എങ്ങനെ കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് എ.കെ രമണ ചോദിച്ചു. ഇതോടെ ചിദംബരത്തിന്റെ അറസ്റ്റിന് സാധ്യത തെളിഞ്ഞു.
ലിസ്റ്റ് ചെയ്ത കേസായി സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വരാത്ത സാഹചര്യത്തില്‍ സിബിഐയ്ക്ക് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ല.പിഴവിനെ തുടര്‍ന്ന് ആദ്യം നല്‍കിയ ഹര്‍ജി തിരുത്തിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഈ ഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. മിക്കവാറും നാളെ രാവിലെ മാത്രമാകും ഹര്‍ജി പരിഗണിക്കുക എന്നാണ് വിവരം.
ധനമന്ത്രിയായിരിക്കെ, ഐ.എന്‍.എക്‌സ്. മീഡിയ എന്ന മാധ്യമസ്ഥാപനത്തിനു വഴിവിട്ട് വിദേശനിക്ഷേപം നേടാന്‍ അവസരമൊരുക്കിയെന്നാണു സി.ബി.ഐ. കേസ്. 4.62 കോടി രൂപ സ്വീകരിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 305 കോടി രൂപയാണ് ഐ.എന്‍.എക്‌സിലേക്ക് ഒഴുകിയെത്തിയത്. പിന്നീട്, ഐ.എന്‍.എക്‌സില്‍നിന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കു പണം ലഭിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിലേക്കു നയിച്ചത്. ഇടപാടിലെ അഴിമതിയെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റാണ്.