ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക സി.ബി.ഐ കോടതിയാണ് ചിദംബരത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇതോടെ അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിയേണ്ടി വരും.
സെപ്തംബര്‍ 19 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് നേരത്തേ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസില്‍ ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും ഡല്‍ഹി റോസ് അവന്യൂ പ്രത്യേക മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു കോടതി നടപടി.