പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും.

അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നും പൊതുസമൂഹത്തിലുള്ള വില ഇടിക്കാനാണെന്നുമാണ് ചിദംബരത്തിന്റെ വാദം. സിബിഐ കേസില്‍ സുപ്രിംകോടതി ജാമ്യം നല്‍കിയതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആരോഗ്യപ്രശ്നങ്ങള്‍ വ്യക്തമാക്കി ഇടക്കാല ജാമ്യം വേണമെന്ന ചിദംബരത്തിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ചിദംബരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി എയിംസിലെ ഡോക്ടര്‍മാര്‍ അംഗങ്ങളായ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.

തിഹാര്‍ ജയിലിലെത്തി ചിദംബരത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍, ചിദംബരത്തെ ആശുപത്രിയിലാക്കേണ്ടതില്ലെന്നും നിലവില്‍ എല്ലാ ആരോഗ്യസൂചികകളും സാധാരണനിലയിലാണെന്നും റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പരിശോധിച്ചാണ് ഡല്‍ഹി ഹൈക്കോടതി ചിദംബരത്തിന് ജാമ്യം നിഷേധിച്ചിരുന്നത്.

ഓഗസ്റ്റ് 21ന് ആണ് അഴിമതിക്കേസില്‍ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബര്‍ 5ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേക്ക് മാറ്റി. ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎന്‍എക്‌സ് മീഡിയ.

Top