കൊച്ചി: ഐ.ഒ.സി ബോട്‌ലിങ് പ്‌ളാന്റില്‍ പാചകവാതക സിലിണ്ടറുകളുടെ അളവില്‍ കൃത്രിമം. ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്ന് അളവുതൂക്ക വിഭാഗം നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. ഓരോ സിലിണ്ടറിലും ശരാശരി 180 ഗ്രാമിന്റെ കുറവാണ്് കണ്ടത്തെിയത്.
കൃത്രിമം കണ്ടത്തെിയതിനെ തുടര്‍ന്ന് ഐ.ഒ.സിക്ക് 7.5 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. വെട്ടിപ്പ് തുടര്‍ന്നാല്‍ കൂടുതല്‍ തുക പിഴ ചുമത്തുമെന്നും വിചാരണ നടപടികളിലേക്ക് നീങ്ങുമെന്നും ലീഗല്‍ മെട്രോളജി റീജനല്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. റാംമോഹന്‍ അറിയിച്ചു.
അസി. കണ്‍ട്രോളര്‍മാരായ അനൂപ്, വി. ഉമേഷ്, ജയകുമാര്‍, കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ വിനോജ്, ജയന്‍, സാബു, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ മറ്റു കമ്പനികളുടെ ബോട്‌ലിങ് പ്‌ളാന്റുകളിലും പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
മണിക്കൂറില്‍ 2000 സിലിണ്ടറുകളാണ് പ്‌ളാന്റില്‍ നിറക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്‌ളാന്റില്‍ വാതകം നിറക്കുന്നുണ്ട്. ഒരു സിലിണ്ടറില്‍ 14.2 കിലോ വാതകം വേണമെന്നാണ് നിയമം. എന്നാല്‍, സിലിണ്ടറുകളില്‍ 14 കിലോ മാത്രമാണ് നിറക്കുന്നത്. പ്രതിദിനം 9000 കിലോയുടെ വെട്ടിപ്പാണ് ഐ.ഒ.സി പ്‌ളാന്റില്‍ നടക്കുന്നത്.
കമ്പനികള്‍ കൃത്യമായ അളവില്‍ ഉപഭോക്താവിന് പാചക വാതകം നല്‍കണം. ഇതിനായി സിലിണ്ടര്‍ വിതരണം ചെയ്യുന്ന ഏജന്‍സികളില്‍ തൂക്കാനുള്ള യന്ത്രം വേണമെന്നും ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ സിലിണ്ടര്‍ തൂക്കി ബോധ്യപ്പെടുത്തണമെന്നുമാണ് ചട്ടം. എന്നാല്‍ സിലിണ്ടര്‍ ഡെലിവറി ചെയ്യുന്നവര്‍ തൂക്ക ഉപകരണം കൈയില്‍ കരുതാറില്ലന്നും അധികൃതര്‍ പറഞ്ഞു.