ന്യൂയോര്‍ക്ക്: റഷ്യന്‍ അത്‌ലറ്റുകള്‍ക്ക് റിയോ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ കഴിയില്ല. ഉത്തേജക മരുന്നിന്റെ വ്യാപക ഉപയോഗത്തെ തുടര്‍ന്ന് അത്‌ലറ്റുകളെ വിലക്കിയ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി നടപടി ചോദ്യം ചെയ്തു റഷ്യ സമര്‍പ്പിച്ച അപ്പീല്‍ ലോക കായിക തര്‍ക്ക പരിഹാര കോടതി തള്ളി.
അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെയാണ് അത്‌ലറ്റുകള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് റിയോയിലേക്ക് പറക്കാനിരുന്ന 68 റഷ്യന്‍ അത്‌ലറ്റുകളെ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വിലക്കിയത്. ഇത് ചോദ്യം ചെയ്താണ് റഷ്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.
വാഡയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി റഷ്യയോട് വിശദീകരണം തേടിയിരുന്നു. 387 അംഗ ടീമിനെയാണ് റഷ്യ റിയോ ഒളിമ്പിക്‌സിനായി തെരഞ്ഞെടുത്തത്. ഇതില്‍ 68 താരങ്ങളാണ് അത്‌ലറ്റിക്‌സില്‍ മാറ്റുരയ്‌ക്കേണ്ടിയിരുന്നത്.
സര്‍ക്കാര്‍ പിന്തുണയോടെ താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതോടെ റഷ്യയെ ഒളിമ്പിക്‌സില്‍ നിന്നും പൂര്‍ണമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു.