എക്കാലത്തെയും ഏറ്റവും കരുത്തുറ്റ ഐഫോണ്‍ ഈ വര്‍ഷം!

ക്യാമറ, റാം എന്നിവയില്‍ അധിക കരുത്തോടെയായിരിക്കും ഈ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഐഫോണ്‍ പ്രോ ശ്രേണി എത്തുക എന്ന അവകാശവാദമാണ് ഇപ്പോള്‍ രണ്ടു കമ്പനികള്‍ നടത്തിയിരിക്കുന്നത്. ട്രെന്‍ഡ്‌ഫോഴ്‌സ് എന്ന പേരില്‍ തയ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ കമ്പനിയാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നവയില്‍ ഒന്ന്. അതേസമയം, ഈ വര്‍ഷം ഇറക്കിയേക്കാമെന്നു പറഞ്ഞിരുന്ന ഐഫോണ്‍ അള്‍ട്രായെക്കുറിച്ചുള്ള സൂചനകള്‍ ഇല്ലാതായതും ശ്രദ്ധേയമാണ്. ഐഫോണ്‍ അള്‍ട്രാ മോഡല്‍ 2024ല്‍ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് പുതിയ ശ്രുതി.

 റാം

ട്രെന്‍ഡ്‌ഫോഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐഫോണ്‍ 15 പ്രോ മോഡലുകള്‍ക്ക് 8 ജിബി റാം കിട്ടുമെന്നു പറയുന്നു. ഇപ്പോള്‍ വില്‍പ്പനയിലുള്ള ഏറ്റവും കരുത്തുറ്റ മോഡലുകളായ ഐഫോണ്‍ 14 പ്രോയ്ക്ക് 6 ജിബിയാണ് റാമെന്നും പറയുന്നു. ഐഫോണില്‍ ഉള്‍പ്പെടുത്തുന്ന റാമിനെക്കുറിച്ചുളള വിവരങ്ങള്‍ എടുത്തു പറയുന്ന സ്വഭാവം ആപ്പിളിനില്ല. ഐഫോണുകള്‍ തുറന്നു പരിശോധിക്കുന്നവരാണ് ഇത് കണ്ടെത്തുന്നത്. ഈ വര്‍ഷത്തെ ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ എല്‍പിഡിഡിആര്‍5 റാം ആയിരിക്കും വയ്ക്കുക എന്നും പറയുന്നു. ഇതു തന്നെയാണ് ഐഫോണ്‍ 14 പ്രോയിലും ഉള്ളത്.

മള്‍ട്ടി ടാസ്‌കിങ് മെച്ചപ്പെടും

റാം അധികം കിട്ടുന്നതോടെ ഐഫോണ്‍ 15 പ്രോ മോഡലുകളുടെ മള്‍ട്ടിടാസ്‌കിങ് ശേഷി മെച്ചപ്പെടുമെന്നു പറയുന്നു. ആപ്പിളിന്റെ ഏറ്റവും കരുത്തുറ്റ പ്രോസസറായ എ17 ബയോണിക് ആയിരിക്കാം ഐഫോണ്‍ 15 പ്രോ മോഡലുകള്‍ക്ക് കരുത്തു പകരുക. അവയ്‌ക്കൊപ്പം അധികറാമും എത്തുമ്പോള്‍ മുന്‍ വര്‍ഷത്തെ ഫോണുകളെ അപേക്ഷിച്ച് അധിക കരുത്തോടെ ഐഫോണുകള്‍ പ്രവര്‍ത്തിക്കുമെന്നാണ് അവകാശവാദം.

  റാം വര്‍ധിപ്പിക്കുന്നത് മൂന്നു വര്‍ഷം മുൻപ്

ആപ്പിള്‍ ഐഫോണുകളുടെ റാം അവസാനമായി വര്‍ധിപ്പിച്ചത് 2020ല്‍ ആയിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. അതുവരെ 4 ജിബി റാം നല്‍കിവന്ന ആപ്പിള്‍, ഐഫോണ്‍ 12ല്‍ അത് 6 ജിബിയാക്കി വര്‍ധിപ്പിച്ചു. അതേസമയം, പ്രോ ഹാന്‍ഡ്‌സെറ്റുകള്‍കള്‍ക്ക് മാത്രമായിരിക്കും അധിക റാം കിട്ടുക എന്നും ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ക്ക് 6 ജിബി റാം തന്നെയായിരിക്കും നല്‍കുക എന്നും പറയുന്നു. എന്നാല്‍, ഇത് എല്‍പിഡിഡിആര്‍5 വേരിയന്റ് ആക്കിയേക്കും.

  ആദ്യ ചിത്രങ്ങള്‍

ഐഫോണ്‍ 15, 15 പ്ലസ് വേരിയന്റുകള്‍ എങ്ങനെയാണിരിക്കുക എന്നതിനെക്കുറിച്ചുളള ആദ്യ അവകാശവാദങ്ങളും ഉയര്‍ന്നു തുടങ്ങിയിരിക്കുകയാണ്. ഐഫോണ്‍ 15 മോഡല്‍ എങ്ങനെയായിരിക്കും ഇരിക്കുക എന്നതിനെക്കുറിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ 9ടു5മാക് പുറത്തുവിട്ടിരിക്കുന്നത്. ഇതുപ്രകാരം ഐഫോണ്‍ 15 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന് അവകാശപ്പെടുന്ന യുഎസ്ബി-സി പോര്‍ട്ടും കാണാം. ഐഫോണ്‍ 15 സീരീസില്‍ വരുമെന്നു പ്രവചിക്കപ്പെട്ട ഡൈനാമിക് ഐലൻഡും ഉണ്ടെന്നു പറയുന്നു. മറ്റൊരു പ്രധാന വ്യത്യാസം ഐഫോണ്‍ 14നേക്കാള്‍ ഐഫോണ്‍ 15ന് അല്‍പം വലുപ്പക്കൂടുതല്‍ ഉണ്ടായിരിക്കാം എന്നതാണത്രെ. ഐഫോണ്‍ 14ന് 6.1-ഇഞ്ച് വലുപ്പമാണെങ്കില്‍ 15ന് 6.2-ഇഞ്ച് വലുപ്പം ഉണ്ടായിരിക്കാമെന്നു പറയുന്നു.

  പ്രോ വേരിയന്റുകള്‍

ഐഫോണ്‍ 15 പ്രോയുടെ 3ഡി ഭാവവും 9ടു5മാക് പുറത്തുവിട്ടിട്ടുണ്ട്. ഇത് 15 പ്രോ മാക്‌സിന്റെയോ, അള്‍ട്രായുടെയോ അല്ലെന്നും പറയുന്നു. ഇതുപ്രകാരം ബെസല്‍ നേര്‍ത്തതായിരിക്കും. ലൈറ്റ്‌നിങ് പോര്‍ട്ട് ഉണ്ടായിരിക്കില്ല. ഐഫോണുകള്‍ക്കുള്ള കെയ്‌സുകള്‍ (case) നിര്‍മിക്കുന്ന കമ്പനിയുടെ 3ഡി ആര്‍ട്ടിസ്റ്റ് ഇയന്‍ സെല്‍ബോ ആണ് ഇവ തയാര്‍ ചെയ്തിരിക്കുന്നത്. ഇയന്റെ അവതരണങ്ങള്‍ പൊതുവെ വളരെ ശരിയായി തീരാറുണ്ട്. കാഡ് (CAD-കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍) ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവയ്ക്ക് മാറ്റം വരാനുള്ള സാധ്യത തീരെ കുറവാണെന്നാണ് ഒരു വാദം. ഇതുപ്രകാരവും ഐഫോണുകളുടെ യുഎസ്ബി-സിയിലേക്കുള്ള മാറ്റം വ്യക്തമാണ്.

 വലുപ്പമുള്ള ക്യാമറകള്‍

പിന്‍ ക്യാമറാ സിസ്റ്റം മുന്‍ വര്‍ഷത്തേക്കാളും പുറത്തേക്കു തള്ളി നില്‍ക്കുന്നതാണ് എന്നതും ശ്രദ്ധേയമാണ്. അതേസമയം ക്യാമറകളുടെ വിന്യാസം ഐഫോണ്‍ 14 പ്രോ സീരീസിന്റേതിനു സമാനമാണ്. ലെന്‍സുകളുടെ ഭാഗത്തിന്റെ കട്ടി വര്‍ധിച്ചിരിക്കുന്നതാണ് മുന്‍ വര്‍ഷത്തെ ഐഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ വലിയ ഇമേജ് സെന്‍സറുകള്‍ ആയിരിക്കും ഉള്‍പ്പെടുത്തുക എന്ന വാദം ഉയരാന്‍ കാരണം. വലുപ്പമുള്ള സെന്‍സറുകള്‍ കൂടുതല്‍ മികവുറ്റ ചിത്രങ്ങളും നല്‍കും.

വോളിയം സ്വിച്ചുകള്‍

പാര്‍ശ്വങ്ങളില്‍ വോളിയം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാനുള്ള സ്വിച്ചുകളും കാഡ് റെന്‍ഡറിങ്ങില്‍ കാണാം. എന്നാല്‍, ഇവ ഇപ്പോഴുള്ളതു പോലെ ഹാര്‍ഡ്‌വെയര്‍ സ്വിച്ചുകള്‍ തന്നെയാണോ അതോ കപ്പാസിറ്റീവ് ബട്ടണുകള്‍ ആണോ എന്ന കാര്യം ഉറപ്പിക്കാനാവില്ല. മ്യൂട്ട് സ്വിച്ചിന്റെയും ഡിസൈൻ മാറിയിട്ടുണ്ടെന്നും പറയുന്നു. അതേസമയം, ഈ ഡിസൈൻ രീതി അന്തിമം ആകണമെന്നില്ലെന്നുള്ള വാദവും ശ്രദ്ധിക്കണം.

 ചാറ്റ്ജിപിടി ശക്തിപകരുന്ന ബിങ് സേര്‍ച്ച് ഐഫോണിലും ആന്‍ഡ്രോയിഡിലും ഉപയോഗിക്കാന്‍ എളുപ്പം

സേര്‍ച്ചില്‍ പുതുയുഗം വെട്ടിത്തുറന്ന ചാറ്റ്ജിപിടി ശക്തിപകരുന്ന എഐ സേര്‍ച്ച് എൻജിനായി മാറിയിരിക്കുകയാണ് മൈക്രോസോഫ്റ്റിന്റെ ബിങ്. എഐ ബിങ്ങിനായി പ്രത്യേക ആപ് പുറത്തിറക്കിയിട്ടില്ല. പക്ഷേ, ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ലഭ്യമായ മൈക്രോസോഫ്റ്റിന്റെ എഡ്ജ് (Edge) ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാക്കാം. അതേസമയം, എഡ്ജിനെ ഡീഫോള്‍ട്ട് ബ്രൗസറാക്കിയരിക്കുന്നവര്‍ക്ക് മൈക്രോസോഫ്റ്റ് അധിക പരിഗണന നല്‍കുന്നുണ്ടെന്നും പറയുന്നു.

 സ്‌കൈപ്പിലും ബിങ്

മൈക്രോസോഫ്റ്റിന്റെ വിഡിയോ കോള്‍ സംവിധാനമായ സ്‌കൈപ്പിനായി ‘ബിങ് ഫോര്‍ സ്‌കൈപ്’ എന്ന സേവനം നല്‍കാന്‍ തീരുമാനിച്ചതായും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ തങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കാലാവസ്ഥാ പ്രവചനങ്ങളും മറ്റും സ്‌കൈപ്പിലും ചോദിച്ചറിയാനാകും.

അടുത്ത കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മെറ്റാ

മെറ്റാ കമ്പനി കൂടുതൽ ജോലിക്കാരെ പിരിച്ചുവിടാനുള്ള തയാറെടുപ്പിലാണെന്ന് റോയിട്ടേഴ്‌സ്. ഇത്തവണയും ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ജോലി പോകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം 11,000 ലേറെ പേരെയാണ് ഒറ്റയടിക്ക് മെറ്റാ പുറത്താക്കിയത്.

  ഗ്യാലക്‌സി എസ്23 സ്‌ക്രീനിന് പ്രശ്‌നമെന്ന് ഉപയോക്താക്കള്‍; ഇല്ലെന്ന് സാംസങ്

സാംസങ് ഇതുവരെ അവതരിപ്പിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും കരുത്തുറ്റ സീരീസാണ് ഗ്യാലക്‌സി എസ്23. ഇതിലെ അള്‍ട്രാ മോഡലില്‍ പോലും സ്‌ക്രീനില്‍ ഒരു ചുളിവ്, അല്ലെങ്കില്‍ കുമിള ഉണ്ടെന്നാണ് ഇത് വാങ്ങിയ ചില ഉപയോക്താക്കള്‍ പറയുന്നത്. ചിലര്‍ അതു കാണിച്ച് ഫോണ്‍ മാറ്റി വാങ്ങിക്കുകയും ചെയ്തു. എന്നാല്‍, മാറ്റിക്കിട്ടിയ ഉപകരണത്തിലും പ്രശ്‌നം കാണാനായതാണ് ഉപയോക്താക്കള്‍ക്ക് നിരാശ പകര്‍ന്നത്. അതേസമയം, ഇതൊരു പ്രശ്‌നമായി കാണരുതെന്നാണ് സാംസങ് പറഞ്ഞത്. സ്‌ക്രീനിന്റെ ഇടത്തെ അല്ലെങ്കില്‍ വലത്തെ മൂലയ്ക്കാണ് പ്രശ്‌നം കാണുന്നത്. ഗുരുതരമായ പ്രശ്‌നമാണിതെന്ന് ഫോണ്‍ വാങ്ങിയവര്‍ ആരോപിച്ചു.

പ്രശ്‌നമാക്കേണ്ടന്ന് സാംസങ്

അതേസമയം, സാംസങ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത് ഈ പ്രശ്‌നം കാണുന്നത് ശക്തികൂടിയ പ്രകാശം ഫോണിന്റെ സ്‌ക്രീനില്‍ പതിയുമ്പോഴാണ്. അള്‍ട്രാ മോഡലിന്റെ ഡിസ്‌പ്ലേ പാനില്‍ ഗ്ലാസുകളുടെ നിരവധി ലെയറുകൾ ഉണ്ട്. ശക്തമായ പ്രകാശം അരികുകളില്‍ പതിയുമ്പോള്‍ അവയ്ക്ക് ചുളുക്കുള്ളതായും മറ്റും തോന്നുന്നതാണ്. എന്നാല്‍, ഫോണിലേക്ക് വെള്ളവും പൊടിയും കയാറാതിരിക്കാനായി ലെയറുകള്‍ക്കുള്ളില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ ശക്തമായ പ്രകാശത്തില്‍ കാണാന്‍ സാധിക്കുന്നതാണ് പ്രശ്‌നമായി തോന്നുന്നതെന്നാണ് സാംസങ് നല്‍കുന്ന വിശദീകരണം.

Top