4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേയോട് കൂടിയ ഐഫോണ്‍ എസ് ഇയുമായി ആപ്പിള്‍

പ്പിള്‍ പുതിയ ഐഫോണ്‍ പുറത്തിറക്കി. ഐഫോണ്‍ എസ്ഇ ആണ് ആപ്പിള്‍ ഈ ലോക്ഡൗണ്‍ കാലത്ത് അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയില്‍ ആപ്പിള്‍.കോം വെബ്സൈറ്റിലൂടെയും ആപ്പിള്‍ സ്റ്റോര്‍ ആപ്പിലും എപ്രില്‍ 17 മുതല്‍ മുതല്‍ ഓര്‍ഡര്‍ സ്വീകരിച്ച് തുടങ്ങും. ഏപ്രില്‍ 24 ഓടെ അമേരിക്കയിലും 40 ഓളം മറ്റ് രാജ്യങ്ങളിലും ഫോണ്‍ വില്‍പനയ്ക്കെത്തും. ഇന്ത്യന്‍ വിപണിയില്‍ വില്‍പന എന്ന് മുതല്‍ ആരംഭിക്കുമെന്ന് കമ്പനി പിന്നീട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേയോട് കൂടിയ ഐഫോണ്‍ എസ് ഇയ്ക്ക് ശക്തിപകരുന്നത് ആപ്പിളിന്റെ തന്നെ എ13 ബയോണിക് പ്രൊസസര്‍ ചിപ്പാണ്.

എയറോസ്പേസ്-ഗ്രേഡ് അലൂമിനിയത്തിലും ഈട് നില്‍ക്കുന്ന ഗ്ലാസിലും നിര്‍മിതമാണ് ഐഫോണ്‍ എസ്ഇ. ഐഫോണുകളില്‍ സുപരിചിതമായ ഹോം ബട്ടണ്‍ ഐഫോണ്‍ എസ്ഇയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജിങ് സൗകര്യം, അതിവേഗ ചാര്‍ജിങ് എന്നിവ ഫോണിലുണ്ട്. ഡ്യുവല്‍ സിം സൗകര്യത്തോടെയെത്തുന്ന ഫോണില്‍ ഇ-സിം ഉപയോഗിക്കാനും സാധിക്കും.

എഫ് 1.8 അപ്പേര്‍ച്ചറുള്ള 12 എംപി വൈഡ് ക്യാമറയാണിതിനുള്ളത്. എ13 ബയോണിക് ചിപ്പിലെ ന്യൂറല്‍ എഞ്ചിന്റേയും ഇമേജ് സിഗ്‌നല്‍ പ്രൊസസറിന്റേയും മികവില്‍ മികച്ച പോര്‍ട്രെയ്ര്റ് മോഡ്, ഡെപ്ത് കണ്‍ട്രോള്‍, പോര്‍ട്രെയ്റ്റ് ലൈറ്റിങ് ഇഫക്ടുകള്‍ എന്നിവ സാധ്യമാവുന്നു. 60 എഫ്പിഎസില്‍ 4കെ വീഡിയോ റെക്കോര്‍ഡിങ് ഫോണില്‍ സാധ്യമാണ്.

ഐഫോണ്‍ എസ്ഇയുടെ 64 ജിബി, 128 ജിബി, 256 ജിബി പതിപ്പുകളാണ് വിപണിയിലെത്തുക. കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളില്‍ ഉപയോക്താക്കളിലേയ്ക്ക് എത്തുന്ന ഫോണിന് 42500 രൂപ മുതലാണ് വില

Top