അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ഐഫോണ്‍ 17 ഉല്പാദനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. ടിഎഫ് സെക്യൂരിറ്റീസ് ഇന്റര്‍നാഷണല്‍ അനലിസ്റ്റായ മിങ് ചി കുവോ ആണ് തന്റെ പുതിയ ബ്ലോഗ്പോസ്റ്റില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. 2025 ല്‍ ആപ്പിള്‍ അവതരിപ്പിക്കാനിരിക്കുന്ന മോഡലാണ് ഐഫോണ്‍ 17. 2024 ഓടുകൂടി ഐഫോണ്‍ ഉല്പാദനത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അന്തരം കുറയുമെന്നും കുവോ പറയുന്നു.
ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന ഐഫോണുകളില്‍ 80 ശതമാനവും കരാര്‍ കമ്പനിയായ ഫോക്സ്‌കോണ്‍ ആണ് നിര്‍മിക്കുന്നത്. അടുത്തവര്‍ഷത്തോടെ ചൈനയിലെ ഷെങ്ഷോ, തായുവാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്പാദനം യഥാക്രമം 45 ശതമാനം, 85 ശതമാനം എന്നിങ്ങനെ കുറയ്ക്കാനിടയുണ്ടെന്നും കുവോ പറയുന്നു. നിലവില്‍ ആഗോള തലത്തില്‍ വിറ്റഴിക്കുന്ന ഐഫോണുകളില്‍ 14 ശതമാനവും ഇന്ത്യയില്‍ നിര്‍മിക്കുന്നവയാണ്. 2024 ഓടു കൂടി ഇത് 25 ശതമാനം വരെ ഉയരാനിടയുണ്ടെന്നും കുവോ പറഞ്ഞു.
ചൈനക്ക് പുറത്ത് നിര്‍മിക്കുന്ന ആദ്യ ഐഫോണ്‍ മോഡലായിയിരിക്കും ഐഫോണ്‍ 17 എന്ന് കുവോ പറയുന്നു. ഇന്ത്യയില്‍ ഇതിന്റെ നിര്‍മാണം നടക്കും. 2024 രണ്ടാം പകുതിയോടെ അതിന്റെ ഭാഗമായുള്ള ന്യൂ പ്രൊഡക്റ്റ് ഇന്‍ട്രൊഡക്ഷന്‍ നടപടികള്‍ കമ്പനി ആരംഭിക്കും. സ്റ്റാന്‍ഡേര്‍ഡ് മോഡലായിരിക്കും ചൈനയ്ക്ക് പുറത്ത് നിര്‍മിക്കുക. 2025 പകുതിയോടെ ഈ ഫോണുകള്‍ ആഗോള വിപണിയിലെത്തും.
കഴിഞ്ഞയാഴ്ച തയ്വാന്‍ കമ്പനിയായ വിസ്ട്രോണ്‍ തങ്ങളുടെ ഇന്ത്യയിലെ നിര്‍മാണ ശാല ടാറ്റ ഇലക്ട്രോണിക്സിന് വിറ്റിരുന്നു. ഏകദേശം 1040 കോടി രൂപയുടെ ഇടപാടായിരുന്നു ഇത്. ഇതോടെ ആപ്പിള്‍ ഐഫോണ്‍ മോഡലുകള്‍ നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റ മാറി. ടാറ്റയെ നിര്‍മാണ പങ്കാളിയാക്കാനുള്ള നീക്കം ഇന്ത്യന്‍ ഭരണകൂടവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആപ്പിളിനെ സഹായിക്കുമെന്നും കുവോ വിലയിരുത്തി. പെഗട്രോണ്‍, ഫോക്സ്‌കോണ്‍ തുടങ്ങിയ കമ്പനികളാണ് നിലവില്‍ ഇന്ത്യയില്‍ ഐഫോണ്‍ ഉല്പാദനം നടത്തുന്നത്.