പുതിയ ഫീച്ചറുകളുമായി ഐഒഎസ് 17 സെപ്തംബറില്‍ പുറത്തിറങ്ങാനിരിക്കെ പല ഐഫോണുകളുടേയും വില പകുതിയാവും. നിങ്ങളുടെ കൈവശം പഴയ മോഡല്‍ ഐഫോണാണ് ഉള്ളതെങ്കില്‍ എത്രയും വേഗം പുതിയ മോഡലിലേക്കു മാറുകയാണെന്ന നിര്‍ദേശം ആപ്പിളും നല്‍കി കഴിഞ്ഞു. 2017ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 8നും ഐഫോണ്‍ എക്‌സിനും അതിനു മുന്‍പ് ഇറങ്ങിയ ഐഫോണുകളിലും ഐഒഎസ് 17 ലഭ്യമാവില്ലെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം ഐഒഎസ് 16 പുറത്തിറങ്ങിയപ്പോള്‍ ഐഫോണ്‍ 7 പ്ലസിന്റെ വില 138 ഡോളറില്‍ നിന്നും 80 ഡോളറിലേക്കും ഐഫോണ്‍ 6എസിന്റെ വില 94 ഡോളറില്‍ നിന്നും 47 ഡോളറിലേക്കുമാണ് കുത്തനെ കുറഞ്ഞത്. ആപ്പിളിന്റെ പത്താം വാര്‍ഷികവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഐഫോണ്‍ X 2017ല്‍ 999 ഡോളറിനാണ് കമ്പനി പുറത്തിറക്കിയിരുന്നത്. ഒപ്പം പുറത്തിറക്കിയ ഐഫോണ്‍ 8നേക്കാളും നിരവധി കൂടുതല്‍ സൗകര്യങ്ങള്‍ ഐഫോണ്‍ എക്‌സിലുണ്ടായിരുന്നു.
മുന്നിലും പിന്നിലും ചില്ല്, സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ച വശങ്ങള്‍, എഡ്ജ്‌ലെസ് ഡിസ്‌പ്ലേ, ആപ്പിളിന്റെ ആദ്യ ഒഎല്‍ഇഡി ഡിസ്‌പ്ലേയായ സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ എന്നിങ്ങനെ പല ഫീച്ചറുകളും ഐഫോണ്‍ Xനുണ്ടായിരുന്നു. എന്നിട്ടു പോലും ഐഫോണ്‍ 8 സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. 8.63 കോടി ഐഫോണ്‍ 8 ഫോണുകളാണ് ആപ്പിള്‍ വിറ്റത്. ഇത് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ സ്‌മോര്‍ട്ട് ഫോണ്‍ മോഡലെന്ന പെരുമയും ഐഫോണ്‍ 8ന് സമ്മാനിച്ചു. പുതിയ മോഡലുകളെത്തിയതോടെ 2020 ഫെബ്രുവരിയിലാണ് ഐഫോണ്‍ Xന്റേയും ഐഫോണ്‍ 8ന്റേയും വില്‍പന ആപ്പിള്‍ അവസാനിപ്പിക്കുകയും ചെയ്തു.
സെല്‍സെല്ലിന്റെ റിപോര്‍ടിലാണ് ഐഫോണ്‍ മോഡലുകളുടെ വില 50 ശതമാനം കുറയുമെന്നു പറയുന്നത്. ഐഒഎസ് 17 ലഭ്യമാവില്ലെന്ന് ആപ്പിള്‍ അറിയിച്ചതോടെ സുരക്ഷാ അപ്‌ഡേറ്റുകള്‍ ഐഫോണ്‍ Xനും ഐഫോണ്‍ 8നും ലഭിക്കില്ല. ഇതോടെ ഈ ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ സൈബര്‍ സുരക്ഷയും അപകടത്തിലാവും. അതുകൊണ്ടാണ് ഈ ഐഫോണ്‍ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ പുതിയ മോഡലുകളിലേക്ക് മാറണമെന്ന് ആപ്പിള്‍ നിര്‍ദേശിക്കുന്നത്.
ഐഒഎസ് 17 ലഭിക്കുന്ന ഏറ്റവും പഴക്കമുള്ള മോഡലുകള്‍ ഐഫോണ്‍ XS, XS Max, XR എന്നീ മോഡലുകളാണ്. ഉയര്‍ന്ന സുരക്ഷാ ഫീച്ചറുകളും ഫോണ്‍ കൂടുതല്‍ എളുപ്പം ഉപയോഗിക്കാവുന്ന സൗകര്യങ്ങളും പുതിയ ഒ.എസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാര്‍ജ് ചെയ്യുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സ്റ്റാന്‍ഡ്‌ബൈ മോഡും എളുപ്പം കോണ്‍ടാക്ടുകള്‍ പങ്കുവെക്കാവുന്ന നെയിം ഡ്രോപും നിങ്ങളുടെ ഇമോജിയോ ചിത്രമോ വിളിക്കുന്നവരുടെ ഡിസ്‌പ്ലേയില്‍ തെളിയുന്ന സംവിധാനവും കൂടുതല്‍ മെച്ചപ്പെടുത്തിയ ഓട്ടോ കറക്ടും പുതിയ ഒ.എസിലുണ്ടാവും.