മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ഇത്തവണത്തെ ഐപിഎല്‍ കേരളത്തില്‍?..

karyavattam

തിരുവനന്തപുരം: മലയാളികളെ ആകാംക്ഷഭരിതരാക്കി ബിസിസിഐ ഐപിഎല്‍ മത്സരങ്ങളുടെ വേദികളാവുന്ന സ്ഥലങ്ങളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ബിസിസിഐ തയ്യാറാക്കിയ 20 വേദികളുടെ ചുരുക്കപ്പട്ടികയില്‍ തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടംപിടിച്ചിട്ടുണ്ട്.

വരാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലോ യു എ ഇയിലോ, അല്ലെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലോ ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചത്. സാമ്പത്തിക ചെലവ് പരിഗണിച്ച് ഇന്ത്യയില്‍ മത്സരങ്ങള്‍ മതിയെന്നായിരുന്നു ടീമുകളുടെ മറുപടി.

ഇതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ പത്ത് വേദികള്‍ക്ക് പകരം ബിസിസിഐ തിരുവനന്തപുരം ഉള്‍പ്പടെ ഇരുപത് വേദികളുടെ പട്ടികയുണ്ടാക്കിയത്. ഐപിഎല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ചര്‍ച്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. സുരക്ഷാ ഉദ്യോഗസ്ഥരുടെ ലഭ്യത പരിഗണിച്ച് ഹോം ഗ്രൗണ്ടില്‍ ടീമുകള്‍ക്ക് മൂന്ന് മത്സരങ്ങളേ കിട്ടൂ എന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു.

തിരുവനന്തപുരത്തിന് പുറമേ പൂനെ, ലക്‌നൗ, കാണ്‍പൂര്‍, റാഞ്ചി, കട്ടക്ക്, രാജ്‌കോട്ട്, ഗുവാഹത്തി, റായ്പൂര്‍, ഇന്‍ഡോര്‍, ധര്‍മ്മശാല, വിശാഖപട്ടണം എന്നീ വേദികളാണ് ബിസിസിഐ പരിഗണിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമേ ബാക്കി വിവരങ്ങള്‍ ലഭ്യമാവൂ.

Top