ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തില്‍ നോബോള്‍ വിവാദമുണ്ടായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഗ്രൗണ്ടിലിറങ്ങിയ സംഭവത്തിനെതിരെ രാജസ്ഥാന്‍ താരം ജോസ് ബട്ട്‌ലര്‍. മത്സരത്തിനിടെ മൈതാനത്തേക്കിറങ്ങിയ ധോണി ചെയ്തത് ശരിയായില്ലെന്ന് ബട്ട്‌ലര്‍ പറഞ്ഞു.
”ഞാന്‍ ബൗണ്ടറി ലൈനിനടുത്തായിരുന്നു ഫീല്‍ഡ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ എന്താണ് ശരിക്കും സംഭവിച്ചതെന്ന് എനിക്കുറപ്പില്ല. അതൊരു ശരിയായ നടപടിയായിരുന്നുവെന്ന് തോന്നുന്നില്ല” മത്സരശേഷം ബട്ട്‌ലര്‍ പറഞ്ഞു.
ഐ.പി.എല്ലിനിടെയുള്ള മാനസിക സമ്മര്‍ദം വളരെ വലുതാണ്. ഓരോ റണ്‍സും അത്രയേറെ പ്രധാനപ്പെട്ടതും. അത് മത്സരത്തിലെ ഒരു പ്രധാനപ്പെട്ട നിമിഷം തന്നെയായിരുന്നു. എന്നിരുന്നാലും ആ സമയത്ത് മൈതാനത്തേക്ക് കടന്നത് ശരിയാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നാണ് തനിക്ക് പറയാനുള്ളതെന്നും ബട്ട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ക്രിക്കറ്റ് നിയമം ലംഘിച്ച് അമ്പയറോട് കയര്‍ത്ത ധോനിക്ക് ബി.സി.സി.ഐ മാച്ച് ഫീസിന്റെ 50 ശതമാനം പിഴ ചുമത്തി. ധോനി ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലെവല്‍ 2 നിയമം ലംഘിച്ചെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.