ഐപിഎല്‍; വരുന്ന സീസണിലെ താരലേലത്തില്‍ പങ്കെടുക്കാൻ എസ് ശ്രീശാന്തും

മുംബൈ: കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ എസ് ശ്രീശാന്ത് ഐപിഎല്‍ വരുന്ന സീസണിലെ താരലേലത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. അടുത്ത മാസം 18നുള്ള താരലേലത്തിനായി ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്യും. എട്ട് വർഷത്തിന് ശേഷമാണ് ശ്രീശാന്ത് ഐപിഎല്ലിലേക്ക് തിരിച്ചുവരുന്നത്. താരലേലത്തിന്റെ വേദി നിശ്ചയിച്ചിട്ടില്ല. ടീമുകൾക്ക് താരങ്ങളെ നിലനി‍ർത്താനുള്ള അവസാന തീയതി ജനുവരി ഇരുപതായിരുന്നു. ഫെബ്രുവരി നാല് വരെ താരങ്ങളെ മറ്റ് ടീമുകൾക്ക് കൈമാറ്റം ചെയ്യാം.

കൊവിഡ് പശ്ചാത്തലത്തിൽ ഐപിഎൽ ഇന്ത്യയിൽ തന്നെ നടക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും മത്സരം സ്വന്തം വേദികളിൽ നടത്താൻ പരമാവധി ശ്രമിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ എല്ലാ മത്സരങ്ങളും ദുബായിലാണ് നടത്തിയത്.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. തെളിവില്ലാത്തതിനാല്‍ കോടതി കുറ്റമുക്തനാക്കിയിട്ടും ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല. പിന്നീട് സുപ്രീംകോടതി ഇടപെട്ട ശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചത്.

സയിദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റിലൂടെയാണ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്‌ല്‍ ജാമീസണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആരോണ്‍ ഫിഞ്ച്, ഡേവിഡ് മലാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ താരലേലത്തില്‍ ശ്രദ്ധ നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Top