ഐപിഎല്‍; നാലാം കിരീടത്തില്‍ മുത്തമിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ദുബായ്: ഐ.പി.എല്‍ 14ാം സീസണ്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ നാലാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കി. ധോനിയുടെ കീഴില്‍ ടീമിന്റെ നാലാം ഐ.പി.എല്‍ കിരീടം. 2012ല്‍ കൊല്‍ക്കത്തയോടേറ്റ ഫൈനല്‍ തോല്‍വിക്ക് പകരം വീട്ടാനും ചെന്നൈക്കായി. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന്റെ നിരാശ ഈ സീസണിലെ കിരീട നേട്ടത്തോടെ ചെന്നൈ മറികടന്നു.

സൂപ്പര്‍ കിങ്‌സിനെതിരേ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആദ്യം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നായകന്‍ ഇയാന്‍ മോര്‍ഗന്റെ തീരുമാനം പാളിയ സൂചനയായി ചെന്നൈ ഓപ്പണര്‍മാരുടെ പ്രകടനം. ഋതുരാജ് ഗെയ്ക്വാദും, ഫാഫ് ഡൂപ്ലെസിയും മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെ കൊല്‍ക്കത്ത ബൗളര്‍മാര്‍ വിയര്‍ത്തു.

സ്‌കോര്‍ 61ല്‍ നില്‍ക്കെ ഋതുരാജ് (27 പന്തില്‍ 32) പുറത്തായി. സുനില്‍ നരൈനായിരുന്നു വിക്കറ്റ്. എന്നാല്‍ പിന്നീടെത്തിയ ഉത്തപ്പയോടൊപ്പം ഡൂപ്ലെസി തകര്‍ത്താടി. 59 പന്തില്‍ 86 റണ്‍സാണ് ഡൂപ്ലെസി നേടിയത്. മൂന്ന് സിക്‌സുകളോടെ 15 പന്തുകളില്‍ 31 റണ്‍സാണ് ഉത്തപ്പ നേടിയത്. നരൈന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഉത്തപ്പ പുറത്തായതോടെ എത്തിയ മൊയിന്‍ അലി 20 പന്തുകളില്‍ 37 റണ്‍സ് നേടി മികച്ച സ്‌കോര്‍ ചെന്നൈയ്ക്ക് സമ്മാനിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. അര്‍ദ്ധസെഞ്ചുറികള്‍ നേടി ശുഭ്മാന്‍ ഗില്ലും(43 പന്തില്‍ 51), വെങ്കിടേഷ് അയ്യര്‍(32 പന്തില്‍ 50) എന്നിവര്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം ചെറുതെന്ന് തോന്നിപ്പിച്ചു. എന്നാല്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയയുടനെ ടീം സ്‌കോര്‍ 91ല്‍ നില്‍ക്കെ അയ്യര്‍ പുറത്തായി. പിന്നീടെത്തിയ നിതീഷ് റാണ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്ത്. ഡല്‍ഹിക്കെതിരായ മത്സരത്തിലേത് പോലെ സുനില്‍ നരൈന്‍(2), നായകന്‍ ഇയന്‍ മോര്‍ഗന്‍(4),ദിനേശ് കാര്‍ത്തിക്(9), ഷാകിബ് അല്‍ ഹസന്‍(0) എന്നിവര്‍ വീണ്ടും നിരാശപ്പെടുത്തി.

രാഹുല്‍ ത്രിപാഠി (2) വേഗം പുറത്തായി. പിന്നീട് ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശിവം മാവിയും (13 പന്തില്‍ 20), ലൂക്കി ഫെര്‍ഗൂസനും (11 പന്തില്‍ 18) കഠിനമായി ശ്രമിച്ചെങ്കിലും മത്സരം തീരുന്നതിന് തൊട്ടുമുന്‍പ് മാവി പുറത്തായി. അതോടെ കൊല്‍ക്കത്തയുടെ പോരാട്ടവും അവസാനിച്ചു.

Top