IPL 2021: മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ  തകര്‍ത്ത്‌ ഡല്‍ഹി ക്യാപിറ്റല്‍സ്. അവസാന സീസണിലെ ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇത്തവണ ഡല്‍ഹി വിജയം സ്വന്തമാക്കിയത്. പേരുകേട്ട ബാറ്റിങ് നിരയുള്ള മുംബൈയെ 137 എന്ന സ്‌കോറിലേക്ക് തളച്ചിടാന്‍ ഡല്‍ഹിക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ഡല്‍ഹി ടീം ഘടനയില്‍ വരുത്തിയ മാറ്റവും അമിത് മിശ്രയെ ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് കൃത്യമായി ഉപയോഗിച്ചതും മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കി. സൂപ്പര്‍ പോരാട്ടത്തില്‍ നിരവധി  റെക്കോഡുകളാണ് പിറന്നത്‌.

2010ന് ശേഷം ചെന്നൈയില്‍ ഡല്‍ഹി നേടുന്ന ആദ്യ ജയമാണിത്. ഈ മൈതാനത്ത് തുടര്‍ച്ചയായ ആറ് മത്സരം തോറ്റ ശേഷമാണ് മുംബൈക്കെതിരേ ഡല്‍ഹി ഇറങ്ങിയത്. ശ്രേയസ് അയ്യര്‍ പോലും പരാജയപ്പെട്ട സ്ഥലത്ത് റിഷഭിന്റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി ചെന്നൈയിലും വിജയക്കൊടി പാറിച്ചിരിക്കുകയാണ്. അതും കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ജയം നേടിയതെന്നത് ഡല്‍ഹിയുടെ ജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നു. കൂടാതെ മുംബൈ ഇന്ത്യന്‍സിനെതിരായ തുടര്‍ തോല്‍വികളുടെ കണക്കുകള്‍ക്കും ഡല്‍ഹി ബ്രേക്കിട്ടിരിക്കുകയാണ്. ഈ മത്സരത്തിന് മുമ്പ് മുംബൈക്കെതിരേ അവസാനം കളിച്ച അഞ്ച് മത്സരത്തിലും മുംബൈയോട് ഡല്‍ഹി തലകുനിച്ചിരുന്നു. എന്നാല്‍ ആറാം മത്സരത്തില്‍ വിജയവഴിയിലെത്താന്‍ ഡല്‍ഹിക്ക് സാധിച്ചു. ഈ നേട്ടം റിഷഭ് പന്ത് എന്ന ക്യാപ്റ്റന്റെ മികവിനുള്ള അംഗീകാരമാണ്.

Top