മുംബൈ: ഐപിഎൽ 15-ാം സീസണിൽ തോൽവി തുടർകഥയാക്കി മുംബൈ ഇന്ത്യൻസ്. ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നടന്ന മത്സരത്തിൽ 18 റൺസിനാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. ലഖ്‌നൗ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനേ സാധിച്ചുള്ളൂ.
27 പന്തിൽ നിന്ന് 37 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറർ. തുടക്കം തന്നെ പാളിയ മുംബൈയ്ക്ക് സ്‌കോർ 16-നിൽക്കേ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായി. ഡെവാൾഡ് ബ്രെവിസ് റൺറേറ്റ് ഉയർത്തിയെങ്കിലും 31 റൺസെടുത്ത് പുറത്തായി. തൊട്ടടുത്ത ഓവറിൽ ഇഷാൻ കിഷനും ഔട്ട്. 17 പന്തിൽ നിന്ന് 13 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
സൂര്യകുമാർ – തിലക് വർമ സഖ്യം 64 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15-ാം ഓവറിൽ തിലക് പുറത്തായതോടെ മുംബൈയുടെ വിജയപ്രതീക്ഷ മങ്ങി. 26 പന്തിൽ നിന്ന് 26 റൺസായിരുന്നു താരം നേടിയത്. തൊട്ടടുത്ത ഓവറിൽ സൂര്യകുമാറും പുറത്തായി. 14 പന്തിൽ നിന്ന് 25 റൺസെടുത്ത പൊള്ളാർഡും ആറു പന്തിൽ നിന്ന് 14 റൺസെടുത്ത ജയദേവ് ഉനദ്കട്ടും ശ്രമിച്ച നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഫാബിയാൻ അലൻ (8), മുരുകൻ അശ്വിൻ (6) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പർ ജയന്റ്‌സ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. 60 പന്തിൽ പുറത്താവാതെ 103റൺസ് നേടി പുറത്താകാതെ നിന്ന കെ എൽ രാഹുലിന്റെ പ്രകടനമാണ് ലഖ്‌നൗവിന് മികച്ച സ്കോർ സമ്മാനിച്ചത്.