മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ മത്സരങ്ങൾ മുംബൈ നഗരത്തിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചന. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. മുംബൈയിലെ വാംഖഡെ, ബ്രാബോൺ, ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ നടക്കുക.
കൊവിഡ് വ്യാപനം ആരംഭിച്ച 2020 സീസണിൽ പൂർണമായും യുഎഇയിലാണ് ഐപിഎൽ നടത്തിയത്. കഴിഞ്ഞ സീസണിൽ ഇന്ത്യയിൽ ചില മത്സരങ്ങൾ നടത്തുകയും കൊവിഡ് ബാധയെ തുടർന്ന് ടൂർണമെൻ്റ് നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് ബാക്കി മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയിരുന്നു.
വരുന്ന സീസണിൽ 2 പുതിയ ടീമുകൾ ഉൾപ്പെടെ ആകെ 10 ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുക. അതുകൊണ്ട് തന്നെ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തിലും മത്സരങ്ങളുടെ എണ്ണത്തിലുമൊക്കെ വർധനവുണ്ടാകും. അതുകൊണ്ട് തന്നെ ഒരു നഗരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുക എന്നതാണ് വിലയിരുത്തൽ.