ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഇന്ന് പഞ്ചാബ് കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെയും ചെന്നൈ സൂപ്പർ കിംഗ്സ് ഗുജറാത്ത് ടൈറ്റൻസിനെയും നേരിടും. യഥാക്രമം വൈകിട്ട് 3.30നും രാത്രി 7.30നുമാണ് മത്സരങ്ങൾ. പോയിൻ്റ് പട്ടികയിൽ പഞ്ചാബ് അഞ്ചാമതും ഹൈദരാബാദ് ഏഴാമതുമാണ്. ഗുജറാത്ത് ടൈറ്റൻസ് ഒന്നാമത് നിൽക്കുമ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് പട്ടികയിൽ 9ആം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് ചെന്നൈ വിജയിച്ചത്. (ipl pbks srh csk)
അടിച്ചുതകർത്ത് കളിക്കുക എന്ന ഗെയിം പ്ലാനാണ് പഞ്ചാബ് കിംഗ്സ് ഇക്കുറി നടപ്പാക്കുന്നത്. അത് നടപ്പിലാക്കാൻ ശേഷിയുള്ള ബാറ്റിംഗ് നിരയും അവർക്കുണ്ട്. തകർത്ത് കളിച്ചിരുന്ന ഭാനുക രാജപക്യ്ക്ക് പകരമെത്തിയ ജോണി ബെയർസ്റ്റോ രണ്ട് കളികളിൽ നിരാശപ്പെടുത്തിയെങ്കിലും അഗർവാൾ മുതൽ ഒഡീൻ സ്മിത്ത് വരെ വിസ്ഫോടനാത്മക ബാറ്റിംഗ് തന്നെയാണ് പഞ്ചാബിൻ്റെ കരുത്ത്. റബാഡ, അർഷ്ദീപ്, രാഹുൽ ചഹാർ, വൈഭവ് അറോറ എന്നിങ്ങനെ നീളുന്ന ബൗളിംഗ് വിഭാഗവും കരുത്തുറ്റത് തന്നെയാണ്. ടീമിൽ മാറ്റമുണ്ടായേക്കില്ല.