ഹാമില്‍ട്ടണ്‍: ഐപിഎല്ലില്‍ വിരാട് കോലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലുരിന്‍റെ ഭാഗമാകാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെല്‍. കോലി നയിക്കുന്ന ടീമിൽ കളിക്കാനാവുക വലിയ കാര്യമാണെന്നും എ ബി ഡിവില്ലിയേഴ്സിനെ പോലെയൊരു താരം ടീമിലുണ്ടെന്നത് ആര്‍സിബിയോടുള്ള ഇഷ്ടം കൂട്ടുന്നതായും മാക്‌സ്‌വെൽ പറഞ്ഞു. ന്യൂസിലൻഡിൽ ട്വന്റി 20 പരമ്പരക്കായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
കഴിഞ്ഞ സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബിനൊപ്പമായിരുന്നു മാക്‌സ്‌വെല്‍. എന്നാൽ 13 മത്സരങ്ങളില്‍ 108 റണ്‍സ് മാത്രമേ മാക്‌സ്‌വെലിന് തന്റെ അക്കൗണ്ടിലാക്കാൻ കഴിഞ്ഞുള്ളു. മോശം ഫോമിന് താരത്തിന് വലിയ വിമര്‍ശനം കേള്‍ക്കേണ്ടിവന്നിരുന്നു. ഈ മാസം 18നാണു ചെന്നൈയില്‍ ഐപിഎല്‍ താരലേലം നടക്കുക. ഐപിഎല്‍ കരിയറില്‍ 82 മത്സരങ്ങളില്‍ 1505 റണ്‍സുള്ള മാക്‌സ്‌വെല്ലിന്‍റെ അടിസ്ഥാനവില രണ്ട് കോടി രൂപയാണ്.
ആകെ 292 താരങ്ങളാണ് അന്തിമ പട്ടികയിലുള്ളത്. സ്റ്റീവ് സ്‌മിത്ത്, ഷാക്കിബ് അല്‍ ഹസന്‍, മൊയീന്‍ അലി, സാം ബില്ലിംഗ്‌സ്, ജേസന്‍ റോയ് തുടങ്ങിയ വിദേശ താരങ്ങളൊപ്പം സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ 37 പന്തില്‍ സെഞ്ചുറി നേടിയ മുഹമ്മദ് അസ്‌ഹറുദ്ദീൻ, സച്ചിൻ ബേബി, വിഷ്ണു വിനോദ്, എം.ഡി. നിഥീഷ്, കരുണ്‍ നായര്‍ എന്നീ മലയാളി താരങ്ങളും ലേല പട്ടികയിലുണ്ട്.