ലിവിങ്സ്റ്റൺ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സില്‍

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണ്‍ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സില്‍. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ, കൊല്‍ക്കത്ത, ഗുജറാത്ത്, ഹൈദരാബാദ് ടീമുകളുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലാണ് ലിവിങ്സ്റ്റണ്‍ കളിച്ചിരുന്നത്.

കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ജയ്‌ദേവ് ഉനദ്കട്ടിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 1.30 കോടി രൂപയ്ക്കാണ് സൗരാഷ്ട്ര താരത്തെ മുംബൈ ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ എയ്ഡന്‍ മാര്‍ക്രത്തെ 2.60 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ടീമിലെത്തിച്ചു. അജിങ്ക്യ രഹാനെ 1 കോടി രൂപയ്ക്ക് കൊല്‍ക്കത്തയിലെത്തി.

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡൊമിനിക് ഡ്രേക്‌സിനെ 1.70 കോടി രൂപയ്ക്കും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറെ 1.40 കോടി രൂപയ്ക്കും ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. ഇന്ത്യക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഓഡിയന്‍ സ്മിത്തിനെ പഞ്ചാബ് ടീമിലെത്തിച്ചു. 6 കോടി രൂപയാണ് താരത്തിനായി പഞ്ചാബ് മുടക്കിയത്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ ജാന്‍സെനെ 4.20 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബേ 4 കോടി രൂപയ്ക്ക് ചെന്നൈയില്‍ കളിക്കും.

ഇന്ത്യന്‍ ബൗളര്‍മാരായ ഖലീല്‍ അഹ്‌മദിനെ 5.25 കോടി രൂപയ്ക്കും ചേതന്‍ സക്കരിയയെ 4.20 കോടി രൂപയ്ക്കും ഡല്‍ഹി സ്വന്തമാക്കി. പേസര്‍ നവദീപ് സെയ്‌നിയെ 2.60 കോടി രൂപയ്ക്ക് രാജസ്ഥാന്‍ ടീമിലെത്തിച്ചു. ആന്ധ്ര ഓള്‍റൗണ്ടര്‍ തിലക് വര്‍മ്മയെ 1.70 കോടി രൂപ മുടക്കി മുംബൈ സ്വന്തമാക്കി. ഓള്‍റൗണ്ടര്‍ സഞ്ജയ് യാദവും മുംബൈയിലാണ്. 50 ലക്ഷം രൂപയാണ് സഞ്ജയ് യാദവിനായി മുംബൈ മുടക്കിയത്.

ഇന്ത്യ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ഷാഷ് ധുല്ലിനെ 50 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ടീമിലെത്തിച്ചപ്പോള്‍ ഫൈനലില്‍ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ ഓള്‍റൗണ്ടര്‍ രാജ് ബാവയെ 2 കോടി രൂപയ്ക്ക് പഞ്ചാബും ടീമിലെത്തിച്ചു. ടീമിലുണ്ടായിരുന്ന മറ്റൊരു ഓള്‍റൗണ്ടര്‍ രാജവര്‍ധന്‍ ഹങ്കര്‍ഗേക്കറെ 1.50 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കി. യുപി പേസര്‍ യാഷ് ദയാലിനെ 3.20 കോടി രൂപ മുടക്കി ഗുജറാത്ത് ടീമിലെത്തിച്ചു. ന്യൂസീലന്‍ഡ് പേസര്‍ ഫിന്‍ അലനെ 80 ലക്ഷം രൂപയ്ക്ക് ആര്‍സിബി സ്വന്തമാക്കി.

അണ്ടര്‍ 19 ടീമില്‍ മികച്ച പ്രകടനം നടത്തിയ വിക്കി ഓസ്വാള്‍, ഹര്‍നൂര്‍ സിംഗ് എന്നിവര്‍ അണ്‍സോള്‍ഡ് ആയി. സന്ദീപ് ലമിച്ഛാനെ, ഡേവിഡ് മലാന്‍, മാര്‍നസ് ലബുഷെയ്‌ന്, ഓയിന്‍ മോര്‍ഗന്‍, സൗരഭ് തിവാരി, ആരോണ്‍ ഫിഞ്ച്, ചേതേശ്വര്‍ പുജാര, ജെയിംസ് നീഷം, ഇഷാന്ത് ശര്‍മ്മ, ലുങ്കി എങ്കിഡി, ഷെല്‍ഡന്‍ കോട്രല്‍, നതാന്‍ കോള്‍ട്ടര്‍നെയില്‍, തബ്രൈസ് ഷംസി, പീയുഷ് ചൗള, സച്ചിന്‍ ബേബി തുടങ്ങിയവരെയും ആരെയും വാങ്ങിയില്ല.

 

Top