ഐപിഎല്‍ മെഗാ ലേലത്തിന്റെ രണ്ടാം ദിനം നേട്ടമുണ്ടാക്കി മുംബൈ ഇന്ത്യന്‍സ്. ആദ്യ ദിനം കാര്യമായ താരങ്ങളെ സ്വന്തമാക്കാതിരുന്ന മുംബൈ രണ്ടാം ദിനത്തില്‍ കൃത്യമായ പ്ലാനിങ്ങോടെയാണ് ലേലത്തിനെത്തിയത്. സിംഗപൂര്‍ ഓള്‍റൗണ്ടറും കൂറ്റനടിക്കാരനുമായ ടിം ഡേവിഡിനെ 8.25 കോടി രൂപ മുടക്കി ടീമിലെത്തിച്ച മുന്‍ ചാമ്പ്യന്മാര്‍ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറെ വെറും 8 കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. പരുക്കേറ്റ് വിശ്രമത്തിലുള്ള ആര്‍ച്ചര്‍ ഇക്കൊല്ലം കളിക്കില്ലെങ്കിലും അടുത്ത വര്‍ഷം മുതല്‍ ബുംറയ്‌ക്കൊപ്പം മുംബൈ ബൗളിംഗ് ഓപ്പണ്‍ ചെയ്യും.
തുടക്കം മുതല്‍ ആര്‍ച്ചറിനായി രംഗത്തുണ്ടായിരുന്ന മുംബൈയ്ക്ക് ആദ്യ ഘട്ടത്തില്‍ പഴയ ടീം രാജസ്ഥാന്‍ റോയല്‍സും പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് വെല്ലുവിളി ഉയര്‍ത്തിയത്. എന്നാല്‍, ആര്‍ച്ചര്‍ക്കായി തുക മാറ്റിവച്ചിരുന്ന മുംബൈ അനായാസം താരത്തെ ടീമിലെത്തിക്കുകയായിരുന്നു.
ടിം ഡേവിഡിനായി ആദ്യ ഘട്ടത്തില്‍ ഡല്‍ഹിയും കൊല്‍ക്കത്തയും തമ്മിലായിരുന്നു പോര്. പിന്നീട് പഞ്ചാബ് ലേലത്തിലിറങ്ങി. ഇതോടെ ഡല്‍ഹി പിന്മാറി. ഈ സമയത്ത് ലക്‌നൗവും സിംഗപ്പൂര്‍ താരത്തിനായി രംഗത്തുവന്നു. ലക്‌നൗവിന്റെ വരവോടെ പഞ്ചാബ് പിന്മാറി. 2.40 കോടിയില്‍ ലക്‌നൗ പിന്മാറി. രാജസ്ഥാനാണ് പകരം എത്തിയത്. കൊല്‍ക്കത്തയും രാജസ്ഥാനും തമ്മില്‍ അല്പ സമയം ബിഡിംഗ് വാര്‍ നടന്നു. 5.25 കോടിയില്‍ വച്ച് രാജസ്ഥാന്‍ പിന്മാറി. 5.50 കോടി രൂപയ്ക്ക് കൊല്‍ക്കത്ത ടിം ഡേവിഡിനെ ഉറപ്പിച്ചിരുന്ന സമയത്ത് വളരെ നാടകീയമായി മുംബൈ രംഗത്തിറങ്ങുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസിനെ 2.60 കോടി രൂപയ്ക്കും മുംബൈ ടീമിലെത്തിച്ചു. ഇംഗ്ലീഷ് പേസര്‍ തൈമല്‍ മില്‍സിനെ ഒന്നരക്കോടി രൂപ മുടക്കി മുന്‍ ചാമ്പ്യന്മാര്‍ സ്വന്തമാക്കി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സഞ്ജയ് യാദവ് (50 ലക്ഷം), ബാറ്റര്‍ തിലക് വര്‍മ്മ (1.70 കോടി), ഇന്ത്യന്‍ സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെ (65 ലക്ഷം) എന്നിവരെയും മുംബൈ ടീമിലെത്തിച്ചു.