കൊച്ചി: ഐപിഎൽ ക്രിക്കറ്റ് 16-ാം സീസണിലേക്കുള്ള താരലേലം ഇന്ന് കൊച്ചിയിൽ. ആദ്യമായാണ് ഐപിഎൽ താര ലേലത്തിന് കൊച്ചി വേദിയാവുന്നത്.
405 കളിക്കാരാണ് അവസരം കാത്തിരിക്കുന്നത്. 273 ഇന്ത്യൻ താരങ്ങളും 132 വിദേശ താരങ്ങളാണ് ഏത് ടീമിലാണ് ഇടംപിടിക്കുക എന്ന് അറിയാൻ കാത്തുനിൽക്കുന്നത്.ലേല നടപടികൾ നിയന്ത്രിക്കുന്ന ഹ്യു എഡ്മിഡ്സ് കൊച്ചിയിലെത്തി.
വെള്ളിയാഴ്ച 12.30നാണ് ലേലം ആരംഭിക്കുന്നത്. 10 മലയാളി താരങ്ങളും ഐപിഎൽ താര ലേലത്തിലേക്ക് പ്രതീക്ഷയോടെ നോക്കുന്നു. 87 കളിക്കാരെയാണ് 10 ഐപിഎൽ ടീമുകൾക്ക് വേണ്ടത്.
1.5 കോടി രൂപ അടിസ്ഥാന വിലയിൽ വരുന്നത് 10 കളിക്കാരാണ്. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടി ടാഗിൽ വരുന്നത് 21 കളിക്കാരാണ്. ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ, ഇംഗ്ലണ്ടിന്റെ ട്വന്റി-20 ലോകകിരീടത്തിലേക്ക് നയിച്ച ബെൻ സ്റ്റോക്ക്സ്, സാം കറൻ എന്നിവർക്ക് വേണ്ടി ലേലത്തിൽ പോരാട്ടം കനക്കും.
ഡൊമസ്റ്റിക് ക്രിക്കറ്റിൽ കേരളത്തിനായി മികവ് കാണിച്ച് നിൽക്കുന്ന രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, കെ എം ആസിഫ്, എസ് മിഥുൻ, സച്ചിൻ ബേബി, ഷോൺ റോജർ, വിഷ്ണു വിനോദ്, ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ, അബ്ദുൽ ബാസിദ് എന്നിവരാണ് ലേലത്തിൽ വരുന്ന മലയാളി താരങ്ങൾ.
ടീമിൽ കാര്യമായ അഴിച്ചുപണിക്കൊരുങ്ങുന്ന ഹൈദരാബാദിനാണ് കൂടുതൽ കളിക്കാരെ വേണ്ടത്. 42.25 കോടി രൂപ പഴ്സ് മൂല്യമുള്ള ഹൈദരാബാദിന് വേണ്ടത് 17 കളിക്കാരെ. 12 കളിക്കാരെയാണ് പഞ്ചാബ് കിങ്സിന് വേണ്ടത്. ഇവരുടെ പക്കലുള്ള തുക 32.20.
സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് വേണ്ടത് 9 കളിക്കാരെയാണ്. ഇവരുടെ പക്കൽ ഇനിയുള്ളത് 13.20 കോടി രൂപയും. ഏറ്റവും കുറവ് പണം കൈവശമുള്ളത് കൊൽക്കത്തയ്ക്കാണ്. 7.05 കോടി രൂപ മാത്രമാണ് കൊൽക്കത്തയുടെ പക്കലുള്ളത്. എന്നാൽ ഇവർക്ക് വേണ്ട കളിക്കാരുടെ എണ്ണം 14 ആണ്.