ഐപിഎല്‍; ഓസ്‌ട്രേലിയന്‍ താരങ്ങളും പരിശീലകരും മാലദ്വീപിലേക്ക് തിരിച്ചു

cricket

മുംബൈ: ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഓസ്‌ട്രേലിയന്‍ കളിക്കാരും പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫും മാച്ച് ഒഫീഷ്യല്‍സും കമന്റേറ്റര്‍മാരുമടങ്ങുന്ന സംഘം മാലദ്വീപിലേക്ക് തിരിച്ചു. ഇന്ത്യയില്‍ നിന്ന് നേരിട്ട് ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ വിലക്കുള്ളതിനാല്‍ മാലദ്വീപിലേക്കാണ് ഓസ്‌ട്രേലിയന്‍ സംഘം പോയത്.

യാത്രാവിലക്ക് നീങ്ങുന്നതു വരെ സംഘം മാലദ്വീപില്‍ തുടരും. ഇതിനു ശേഷമാവും എല്ലാവരും ഓസ്‌ട്രേലിയയിലേക്ക് പോകുക. വിലക്ക് ലംഘിച്ച് ഇന്ത്യയില്‍ നിന്ന് നേരിട്ട് ഓസ്‌ട്രേലിയയിലെത്തുന്നവരെ ജയിലിലടക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഐപിഎല്ലിന്റെ ഭാഗമായിരുന്നവര്‍ക്ക് പ്രത്യേക ഇളവ് നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുടെ അസോസിയേഷനും അറിയിച്ചു. ഇതാണ് വിലക്ക് നീങ്ങുന്നതു വരെ ഓസ്‌ട്രേലിയന്‍ സംഘത്തിന് മാലദ്വീപില്‍ തുടരേണ്ട സാഹചര്യം ഒരുക്കിയത്.

അതേസമയം, ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം ബാറ്റിംഗ് പരിശീലകന്‍ മൈക് ഹസി ഇന്ത്യയില്‍ തുടരും. ഹസിക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാമാണുള്ളതെന്നും അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിചരണത്തിലാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

ഐപിഎല്‍ നിര്‍ത്തിവെച്ച് രണ്ട് ദിവസത്തിനുള്ളില്‍ കളിക്കാരെ മാലദ്വീപിലേക്ക് അയച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ക്രിക്കറ്റ് ഓസ്‌ട്രേലിയ നന്ദി പറഞ്ഞു.  കൊല്‍ക്കത്ത ടീമിലെ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കുമാണ് ടൂര്‍ണമെന്റിനിടെ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.

തൊട്ടുപിന്നാലെ ചെന്നൈയുടെ ബൗളിംഗ് പരിശീലകനായ ലക്ഷ്മിപതി ബാലാജിക്കും ടീമിന്റെ സിഇഒ ആയ കാശി വിശ്വനാഥനും ടീം ബസിന്റെ ജീവനക്കാനും തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ വൃദ്ധിമാന്‍ സാഹക്കും ഡല്‍ഹി ക്യാപിറ്റല്‍സിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

 

Top