ബംഗളുരു: എബി ഡി വില്ല്യേഴ്‌സിന്റെ ബാറ്റിങ് കരുത്തില്‍ ഐപിഎല്ലില്‍ ബംഗളുരുവിന് ആദ്യജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നാല് വിക്കറ്റിനാണ് ബംഗളുരു തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ ബംഗളുരു മറികടന്നു.
40 പന്തുകളില്‍ നിന്ന് 57 റണ്‍സ് നേടി, ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചാണ് ഡിവില്ലിയേഴ്‌സ് മടങ്ങിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മക്കല്ലം പുറത്തായെങ്കിലും 34 പന്തുകള്‍ നേരിട്ട് 45 റണ്‍സുമായി ഡികോക്ക് വലിയ തകര്‍ച്ചയില്ലാതെ ടീമിനെ കാത്തു. ജയിക്കാന്‍ 5 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റില്‍നിന്നാണ് ബെംഗളൂരു വിജയം കണ്ടെത്തിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവന്‍ പഞ്ചാബ് 19.2 ഓവറില്‍ 155 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവിന്റെയും രണ്ട് വിക്കറ്റ് വീതം നേടിയ ക്രിസ് വോക്‌സ്, കുല്‍വന്ത് കെജ്‌റോളിയ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ മികച്ച ബൗളിങ്ങാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 30 പന്ത് നേരിട്ട് 47 റണ്‍സ് നേടിയ ലോകേഷ് രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.