ചെന്നൈ: ഐപിഎല്‍ പതിനേഴാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഉദ്ഘാടന മത്സരമാണ് ഇന്ന്. എം എസ് ധോണി ക്യാപ്റ്റന്‍സി പൂര്‍ണമായും ഒഴിഞ്ഞ ശേഷമുള്ള സിഎസ്‌കെയുടെ മത്സരമാണിത്. ധോണിക്ക് പകരം റുതുരാജ് ഗെയ്ക്വാദാണ് ഈ സീസണില്‍ ചെന്നൈയെ നയിക്കുക. ആര്‍സിബിക്കെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് എങ്ങനെയാണ് ഇറങ്ങുക എന്ന് പരിശോധിക്കാം.
ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം തുടങ്ങുക. സിഎസ്‌കെ ആറാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നതെങ്കില്‍ കിരീട വരള്‍ച്ച അവസാനിപ്പിക്കുകയാണ് ആര്‍സിബിയുടെ ഉന്നം. തുഷാര്‍ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, രാജ്വര്‍ധന്‍ ഹങര്‍ഗേക്കര്‍, ഷെയ്ഖ് റഷീദ്, അവനിഷ് റാവു ആരവെല്ലി എന്നിവരെയാവും സിഎസ്‌കെ ഇംപാക്ട് പ്ലെയറായി ഉപയോഗിക്കാന്‍ സാധ്യത. പ്ലേയിംഗ് ഇലവനില്‍ ഇല്ലെങ്കില്‍ സമീര്‍ റിസ്വി ഉറപ്പായും ഇംപാക്ട് പ്ലെയറായി ക്രീസിലെത്തും. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിന്റെ താരമായ സമീറിനെ 8.40 കോടി രൂപയ്ക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. വെറും 20 ലക്ഷമായിരുന്നു സമീര്‍ റിസ്വിയുടെ അടിസ്ഥാന വില.
ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം ന്യൂസിലന്‍ഡ് യുവ സെന്‍സേഷന്‍ രചിന്‍ രവീന്ദ്രയാവും സിഎസ്‌കെയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ഇന്ത്യന്‍ വെറ്ററന്‍ അജിങ്ക്യ രഹാനെ, ന്യൂസിലന്‍ഡ് സ്റ്റാര്‍ ഡാരില്‍ മിച്ചല്‍ എന്നിവര്‍ക്കൊപ്പം ഇംഗ്ലീഷ് വെടിക്കെട്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയുമാവും മധ്യനിര ബാറ്റര്‍മാര്‍. ഇതിന് ശേഷം ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വരുമ്പോള്‍ സിഎസ്‌കെ സീസണിലേക്ക് അവതരിപ്പിക്കുന്ന അത്ഭുത താരം സമീര്‍ റിസ്വിക്ക് അരങ്ങേറ്റത്തിന് ആദ്യ മത്സരത്തില്‍ തന്നെ അവസരം ലഭിച്ചേക്കും. പതിവുപോലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എം എസ് ധോണിക്കാവും ഫിനിഷറുടെ ചുമതല. പേസര്‍മാരായ ഷര്‍ദുല്‍ താക്കൂറിനും ദീപക് ചാഹറിനുമൊപ്പം സ്പിന്നര്‍ മഹീഷ് തീക്ഷന ഇറങ്ങാനാണ് സാധ്യത. എന്നാല്‍ ആദ്യം ബൗള്‍ ചെയ്യേണ്ടിവന്നാല്‍ സിഎസ്‌കെയുടെ പ്ലേയിംഗ് ഇലവനില്‍ നേരിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.