മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. നിലനിൽപിനായി പൊരുതുന്ന ചെന്നൈയും പഞ്ചാബും. ഏഴ് കളിയിൽ മൂന്ന് ജയമുള്ള പഞ്ചാബ് എട്ടും രണ്ട് ജയമുള്ള ചെന്നൈ ഒൻപതും സ്ഥാനങ്ങളിൽ.
നായകൻമാരായി അരങ്ങേറ്റം കുറിച്ച മായങ്ക് അഗർവാളിനും രവീന്ദ്ര ജഡേജയ്ക്കും ഇതുവരെ യഥാർഥ മികവിലേക്ക് എത്താനായിട്ടില്ല. അവസാന കളിയിൽ ധോണിക്കരുത്തിൽ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് നിലവിലെ ചാംപ്യൻമാർ. ബൗളർമാർ താളം വീണ്ടെടുക്കുന്നതും റുതുരാജ് ഗെയ്കവാദ് ഫോം വീണ്ടെടുത്തതും ആശ്വാസമാണ്.
ഉത്തപ്പയും റായുഡുവും കൂറ്റനടികൾക്ക് ശേഷിയുള്ളവർ. ലിയാം ലിവിംഗ്സ്റ്റണിന്റെ ബാറ്റിനെ അമിതമായി ആശ്രയിക്കുന്നതാണ് പഞ്ചാബിന്റെ പ്രതിസന്ധി. ധവാന്റെയും ബെയ്ര്‌സ്റ്റോയുടെയും ബാറ്റിലും പ്രതീക്ഷയേറെ. പവർപ്ലേയിൽ പഞ്ചാബ് ബാറ്റർമാരുടെയും ചെന്നൈ ബൗളർമാരുടെയും പ്രകടനമായിരിക്കും നിർണായകമാവുക.