ഐപിഎൽ: കൊവിഡ് ഭീതിക്കിടെ ഡൽഹി ക്യാപിറ്റൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ

ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിംഗ്സിനെ നേരിടും. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. പോയിൻ്റ് പട്ടികയിൽ പഞ്ചാബ് ഏഴാമതും ഡൽഹി എട്ടാമതുമാണ്. 6 മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ച പഞ്ചാബിന് 6 പോയിൻ്റും അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച ഡൽഹിക്ക് നാല് പോയിൻ്റുമാണ് ഉള്ളത്.

ഡൽഹി ക്യാമ്പിൽ കൊവിഡ് പടർന്നതിനാൽ പൂനെയിൽ തീരുമാനിച്ചിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊവിഡ് ബാധ ഇരു ടീമുകളിലും ഭയം നിറച്ചിട്ടുണ്ടാവാം. എങ്കിലും ജയത്തിൽ കുറഞ്ഞതൊന്നും ഇരുവരും ലക്ഷ്യം വെക്കുന്നില്ല. പഞ്ചാബ് കിംഗ്സിൽ ലിയാം ലിവിങ്സ്റ്റൺ മാത്രമാണ് സ്ഥിരതയാർന്ന പ്രകടനം നടത്തുന്നത്. ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, ഷാരൂഖ് ഖാൻ എന്നിവർ ഫോമിലല്ല. ജിതേഷ് ശർമ്മ കിട്ടിയ അവസരങ്ങൾ നന്നായി വിനിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ കളിയിൽ പുറത്തിരുന്ന ക്യാപ്റ്റൻ മായങ്ക് അഗർവാൾ ഇന്ന് തിരികെയെത്തിയേക്കും. ഒഡീൻ സ്മിത്ത് പന്ത് കൊണ്ടോ ബാറ്റ് കൊണ്ടോ ഇമ്പാക്ട് ഉണ്ടാക്കുന്നില്ല. ബെന്നി ഹൊവെൽ പകരം കളിച്ചേക്കുമെന്ന് സൂചനയുണ്ട്.

ഡൽഹി ക്യാപിറ്റസിൽ മികച്ച താരങ്ങളുണ്ടെങ്കിലും ഒരു ടീം എന്ന നിലയിൽ നല്ല പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. പൃഥ്വി ഷാ, ഡേവിഡ് വാർണർ എന്നിവർ മികച്ച തുടക്കം നൽകുമ്പോൾ മധ്യനിരയിൽ ഋഷഭ് പന്തും വാലറ്റത്ത് അക്സർ പട്ടേൽ, ശാർദ്ദുൽ താക്കൂർ എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നൽകുന്നു. റോവ്മൻ പവൽ, ലളിത് യാദവ് എന്നിവർ അത്ര ഫോമിലല്ല. ലളിത് യാദവിനു പകരം സർഫറാസ് ഖാനു സാധ്യതയുണ്ട്. മിച്ചൽ മാർഷ് കൊവിഡ് ബാധിച്ച് പുറത്തായതിനാൽ പകരം ടിം സെയ്ഫെർട്ട് കളിച്ചേക്കും.

Top