ഐ.പിഎല്‍; സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് ഡല്‍ഹി; പോയിന്റ് പട്ടികയില്‍ ഒന്നാമത്

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് പോയന്റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ശിഖര്‍ ധവാന്റെയും ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് അനായാസം ലക്ഷ്യത്തിലെത്തിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ്. കോവിഡ് ആശങ്കകളോടും മുന്‍നിരയുടെ മോശം ഫോമിനോടും പൊരുതി നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 13 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടി ലക്ഷ്യം കണ്ടു.

41 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 47 റണ്‍സ് നേടിയ മുന്‍ നായകന്‍ ശ്രേയസ് അയ്യര്‍, 37 പന്തില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 42 റണ്‍സ് നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍, 21 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 35 റണ്‍സ് നേടിയ നായകന്‍ റിഷഭ് പന്ത് എന്നിവരാണ് ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. മുന്‍നിര താരങ്ങളൊന്നും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയപ്പോള്‍ മധ്യനിരയില്‍ 21 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 28 റണ്‍സ് നേടിയ അബ്ദുള്‍ സമദും 19 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 22 റണ്‍സ് നേടിയ റാഷിദ് ഖാനും ചേര്‍ന്നാണ് അവരെ 100 കടത്തിയത്.

ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവുമായി 14 പോയന്റ് നേടിയാണ് ഡല്‍ഹി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. 12 പോയന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടാം സ്ഥാനത്ത് തുടരുന്നു. സ്‌കോര്‍ സണ്‍റൈസേഴ്‌സ് ഹൈരദാബാദ് 20 ഓവറില്‍ 134-9, ഡല്‍ഹി ക്യാപിറ്റല്‍സ് 17.5 ഓവറില്‍ 139-2.

Top