ഐപിഎല്‍ എലിമിനേറ്റര്‍; ഇന്ന് ബാംഗ്ലൂര്‍ ഹൈദരാബാദ് പോരാട്ടം

അബുദാബി : ഐപിഎൽ 13ആം സീസണിലെ ആദ്യ എലിമിനേറ്ററിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. അബുദാബി ഷെയ്ഖ് സയെദ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം. ഇന്നത്തെ മത്സരത്തിലെ വിജയികൾ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഇന്നത്തെ കളിയിൽ പരാജയപ്പെടുന്നവർ ഐപിഎൽ 13ആം സീസണിൽ നിന്നും പുറത്താകും.

പ്രാഥമികഘട്ട മത്സരങ്ങളില്‍ ഇരുടീമുകളും ഒരേ പോയന്റാണ് നേടിയത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ സണ്‍റൈസേഴ്‌സ് പട്ടികയില്‍ മൂന്നാമതും ബാംഗ്ലൂര്‍ നാലാമതുമാണ്. അവസാനം നടന്ന മൂന്ന് കളികളും വിജയിച്ചാണ് സൺറൈസേഴ്സ് അവസാന നാലിലേക്ക് കടക്കുന്നത്. ബെയർസ്റ്റോയ്ക്ക് പകരം ഓപ്പണിംഗിൽ സാഹ വന്നത് ടീമിൻ്റെ ആകെ ബാലൻസ് മെച്ചപ്പെടുത്തിയിട്ടുണ്ട്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പത്തുവിക്കറ്റിന് തകര്‍ത്താണ് സണ്‍റൈസേഴ്‌സിന്റെ വരവ്. വാര്‍ണര്‍, സാഹ, മനീഷ്, വില്യംസണ്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ബാറ്റിങ് നിരയും സന്ദീപ് ശര്‍മ, ഹോല്‍ഡര്‍, റാഷിദ് ഖാന്‍ എന്നിവരങ്ങുന്ന ബൗളിങ് നിരയും സുശക്തമാണ്.

ദേവദത്ത് പടിക്കല്‍, ഫിഞ്ച്, കോലി, ഡിവില്ലിയേഴ്‌സ്, ക്രിസ് മോറിസ് തുടങ്ങിയവര്‍ അണിനിരക്കുന്ന ബാംഗ്ലൂരിന്റെ ബാറ്റിങ് നിര മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ചാഹല്‍ നയിക്കുന്ന ബൗളിങ് നിരയും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. പ്ലേഓഫില്‍ ഇരുടീമുകളും ആദ്യമായാണ് ഏറ്റുമുട്ടുന്നത്.

Top