ന്യൂഡല്‍ഹി: ഐ.പി.എല്‍ ഫൈനല്‍ മത്സരം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. വരള്‍ച്ച കാരണം ഫൈനലടക്കമുള്ള 13 മത്സരങ്ങളുടെ വേദി മഹാരാഷ്ട്രക്കു പുറത്തേക്ക് മാറ്റണമെന്ന ബോംബെ ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് ബി.സി.സി.ഐ നിര്‍ണായക യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.
മേയ് 29ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ഫൈനലാണ് ബംഗളൂരുവില്‍ നടത്തുക. മേയ് 24ലെ ഒന്നാം ക്വാളിഫയര്‍ ബംഗളൂരുവില്‍ നേരത്തേ തീരുമാനിച്ച പ്രകാരം നടക്കും. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മേയ് 25ന് നടത്താനിരുന്ന എലിമിനേറ്ററും 27ന് നടത്താനിരുന്ന രണ്ടാം ക്വാളിഫയറും കൊല്‍ക്കത്ത ഈഡന്‍സ് ഗാര്‍ഡനിലേക്ക് മാറ്റി.
അതേസമയം മുംബൈ ഇന്ത്യന്‍സ്, റൈസിങ് പുണെ സൂപ്പര്‍ജയന്റ്‌സ് എന്നീ ടീമുകളുടെ ബദല്‍ ഹോം ഗ്രൗണ്ടുകള്‍ തെരഞ്ഞെടുക്കാന്‍ ടീം മാനേജ്‌മെന്റുമായി ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്‌ള ചര്‍ച്ച നടത്തി. റായ്പുര്‍, ജയ്പുര്‍, വിശാഖപട്ടണം, കാണ്‍പുര്‍ എന്നിവയില്‍ ഒന്ന് ഹോം ഗ്രൗണ്ടായി തെരഞ്ഞെടുക്കാനാണ് ടീമുകളോട് ആവശ്യപ്പെട്ടത്.
വിശാഖപട്ടണം ഹോം ഗ്രൗണ്ടായി അനുവദിക്കണമെന്ന് പുണെ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഹോം ഗ്രൗണ്ട് തീരുമാനിക്കാന്‍ രണ്ടു ദിവസം സമയം അനുവദിക്കണമെന്ന് മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
മേയ് ഒന്നിന് മുംബൈ ഇന്ത്യന്‍സും പുണെ സൂപ്പര്‍ജയന്റ്‌സും തമ്മില്‍ പുണെയില്‍ നടത്താനിരുന്ന മത്സരത്തിന് അനുമതി തേടി ഹൈകോടതിയെ സമീപിക്കുമെന്ന് ശുക്‌ള അറിയിച്ചു.