അഹമ്മദാബാദ്: ഐപിഎല്‍ ആവേശത്തിന് കൊടി ഉയരാനിരിക്കെ പരിക്കുമൂലം പുറത്തായ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. മലയാളി പേസര്‍ സന്ദീപ് വാര്യരെയാണ് ഷമിയുടെ പകരക്കാരനായി ഗുജറാത്ത് ടീമിലെടുത്തത്. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനുവേണ്ടിയാണ് സന്ദീപ് ഇപ്പോള്‍ കളിക്കുന്നത്.
ഐപിഎല്ലില്‍ മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളിലും 32കാരനായ സന്ദീപ് കളിച്ചിട്ടുണ്ട്. 2013-2015 സീസണുകളിലാണ് സന്ദീപ് ആര്‍സിബിക്കായി കളിച്ചത്. 2019-2021 സീസണുകളില്‍ കൊല്‍ക്കത്തക്കായും കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായും കളിച്ചു. 2021 ജൂലൈയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ കുപ്പായത്തിലും സന്ദീപ് അരങ്ങേറിയിരുന്നു. ഇതുവരെ അഞ്ച് ഐപിഎല്‍ മത്സരങ്ങളില്‍ പന്തെറിഞ്ഞിട്ടുള്ള സന്ദീപിന് 7.88 ഇക്കോണമിയില്‍ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താനായത്.
ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന സന്ദീപിനെ ഇത്തവണ മിനി താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല. ലോകകപ്പിന് പിന്നാലെ മുഹമ്മദ് ഷമി പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായി പുറത്തായതോടെ ടീമില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ കുറവ് വന്നതോടെയാണ് ഗുജറാത്ത് ഐപിഎല്ലില്‍ പരിചയസമ്പന്നനായ ബൗളറായ സന്ദീപിനെ ടീമിലെത്തിച്ചത്. 50 ലക്ഷം രൂപക്കാണ് സന്ദീപിനെ ഗുജറാത്ത് ടീമിലെത്തിച്ചത്.