ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് ഡേവിഡ് വാര്‍ണറുടേയും, ജോണി ബെയര്‍സ്റ്റോവിന്റേയും അഭാവം ശേഷിക്കുന്ന മത്സരങ്ങളില്‍ തിരിച്ചടിയാകുമെന്ന് സൂചന. ഈ താരങ്ങള്‍ ടീം വിട്ടപ്പോള്‍ ഉണ്ടായ കുറവ് നികത്തുക എന്നത് വളരെ പ്രയാസമേറിയ ദൗത്യമാണെന്നും ടീം ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരശേഷം സംസാരിക്കവെയായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്.
വാര്‍ണറും ബെയര്‍സ്റ്റോവും ടീം വിട്ടതോടെ സണ്‍ റൈസേഴ്‌സിന് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമായെന്ന് വില്ല്യംസണ്‍ തുറന്ന് സമ്മതിക്കുന്നു. ഇരുവര്‍ക്കും പകരക്കാരെ കണ്ടെത്തുക ബുദ്ധിമുട്ടാണെങ്കിലും തങ്ങളുടെ ശക്തമായ ബെഞ്ച് സ്‌ട്രെങ്ത്ത് അതിനെ മറികടക്കാന്‍ സഹായിക്കുമെന്നാണ് വില്ല്യംസണിന്റെ വിശ്വാസം.’വാര്‍ണറിന്റേയും, ബെയര്‍സ്റ്റോവിന്റേയും അഭാവം ടീമിന് തിരിച്ചടിയാണെന്നത് ശരി തന്നെ. ലോകോത്തര താരങ്ങളായ ഇരുവര്‍ക്കും പകരക്കാരെ ലഭിക്കുകയെന്നത് എളുപ്പമല്ല. എന്നാല്‍ സൈഡ് ബെഞ്ചില്‍ അവസരം കാത്തിരിക്കുന്ന കഴിവുള്ള ചില താരങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. വരും മത്സരങ്ങളില്‍ ടീമില്‍ ചില മാറ്റങ്ങളും പ്രതീക്ഷിക്കാം.’ വില്ല്യംസണ്‍ പറഞ്ഞു.