ഐപിഎല്‍; ലോകകപ്പ് വിക്കറ്റ് കീപ്പറെ ഐപിഎല്‍ തീരുമാനിക്കും

ചെന്നൈ: ഐപിഎല്‍ പതിനേഴാം സീസണിന് ഇന്ന് തുടക്കമാവുമ്പോള്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെ പ്രധാന ശ്രദ്ധ വിക്കറ്റ് കീപ്പര്‍മാരിലേക്ക് ആയിരിക്കും. ട്വന്റി 20 ലോകകപ്പിനുള്ള വിക്കറ്റ് കീപ്പറെ കണ്ടെത്തുകയാണ് സെലക്ടര്‍മാരുടെ പ്രധാന ദൗത്യം. രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിന് ഈ ഐപിഎല്‍ സീസണിലെ പ്രകടനം ഏറെ നിര്‍ണായകമാണ്.വമ്പന്‍ താരങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യന്‍ ക്രിക്കറ്റ്. എന്നാല്‍ എം എസ് ധോണിക്ക് ശേഷം ട്വന്റി 20യില്‍ ഒരു സ്ഥിരം വിക്കറ്റ് കീപ്പറെ കണ്ടെത്താന്‍ ടീം ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ടി20 ലോകകപ്പ് പടിവാതില്‍ നില്‍ക്കേ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയും ഇതുതന്നെ. ജൂണ്‍ രണ്ടിനാണ് ട്വന്റി 20 ലോകകപ്പിന് തുടക്കമാവുക. മെയ് രണ്ടിന് മുന്‍പ് ടീമിനെ പ്രഖ്യാപിക്കണം. വിക്കറ്റ് കീപ്പര്‍ അടക്കമുള്ളവര്‍ ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലോകകപ്പ് ടീമില്‍ ഇടംപിടിക്കുക. മലയാളി താരം സഞ്ജു സാംസണ്‍, ധ്രുവ് ജുറെല്‍, ജിതേഷ് ശര്‍മ്മ പരിക്ക് മാറിയെത്തിയ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരാണ് ടീമിലെത്താന്‍ മത്സരിക്കുന്ന കീപ്പര്‍മാര്‍. ഇവര്‍ക്കൊപ്പം ബിസിസിഐയുമായി ഇടഞ്ഞുനില്‍ക്കുന്ന ഇഷാന്‍ കിഷനുമുണ്ട്.

പരിക്കില്‍ നിന്ന് മുക്തനായെത്തുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകന്‍ കെ എല്‍ രാഹുല്‍ കീപ്പ് ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ത്യയുടെ അവസാന ട്വന്റി 20 മത്സരങ്ങളില്‍ കീപ്പറായിരുന്ന ജിതേഷ് ശര്‍മ്മ പഞ്ചാബ് കിംഗ്സിന്റെ വിക്കറ്റിന് പിന്നില്‍ എത്തുമെന്നുറപ്പാണ്. ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുള്ളതിനാല്‍ മധ്യനിരയില്‍ കളിക്കുന്ന കീപ്പറെയാവും സെലക്ടര്‍മാര്‍ പരിഗണിക്കുക. ഇത് ഇഷാന്‍ കിഷന്റെ സാധ്യത കുറയ്ക്കുന്നു. കീപ്പര്‍മാര്‍ക്കൊപ്പം സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഫോമും ഫിറ്റ്‌നസും സെലക്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിക്കും. പതിവിന് വിപരീതമായി ഐപിഎല്‍ മത്സരങ്ങളും നേരിട്ട് കാണാനാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ തീരുമാനം.

മാരകമായ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെത്തിയ റിഷഭ് പന്തിന് ലോകകപ്പ് ടീമിലെത്താന്‍ ഫിറ്റ്‌നസും ഫോമും നിര്‍ണായകമാണ്. പൂര്‍ണ കായികക്ഷമതയോടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി മികച്ച പ്രകടനം നടത്തിയാല്‍ പന്ത് ലോകകപ്പ് ടീമിലെത്തുമെന്നുറപ്പ്. ഇടംകൈയന്‍ ബാറ്റര്‍ എന്നതും പന്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഐപിഎല്ലില്‍ സഞ്ജു സാംസണ്‍, ധ്രുവ് ജുറെല്‍, കെ എല്‍ രാഹുല്‍ എന്നിവരുടെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ഇന്ത്യന്‍ ടീമില്‍ അവസരം കുറഞ്ഞുവരുന്നതിനാല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു വിക്കറ്റ് കീപ്പറായി തന്നെ കളിക്കാനാണ് സാധ്യത. ഇങ്ങനെയെങ്കില്‍ കഴിഞ്ഞ സീസണിലെപ്പോലെ ധ്രുവ് ജുറെല്‍ ഇംപാക്ട് പ്ലെയറുടെ റോളിലേക്ക് ചുരുങ്ങും. കീപ്പിംഗിനുള്ള അവസരം നഷ്ടമാവുകയും ചെയ്യും.

Top