കൊല്‍ക്കത്ത: ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സിന് പകരം ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയെ കൂടാരത്തിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 2019ല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനായി പന്തെറിഞ്ഞ താരം മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായും രാജസ്ഥാന്‍ റോയല്‍സിനായും കളിച്ചിട്ടുണ്ട്.
ന്യൂസിലന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമില്‍ അംഗമല്ലാത്തതിനാല്‍ കൊല്‍ക്കത്തക്കായി ഐപിഎല്ലിലെ മുഴുവന്‍ മത്സരങ്ങളിലും താരത്തിന് കളിക്കാനാവും. ഐപിഎല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഓസീസ് താരത്തിന്റെ പിന്മാറ്റം.
അതേസമയം കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മെയില്‍ നിര്‍ത്തിവച്ച ഐപിഎല്ലിന്റെ ആദ്യ പാദത്തില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയം മാത്രമാണ് കൊല്‍ക്കത്തക്ക് നേടാനായത്. ആദ്യ പാദ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്തയുള്ളത്. ഫൈനലടക്കം 31 മത്സരങ്ങളാണ് സീസണില്‍ ഇനി അവശേഷിക്കുന്നത്. ആറ് കളിക്കാര്‍ക്കും രണ്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ മെയ് നാലിനാണ് ബിസിസിഐ ടൂര്‍ണമെന്റ് നിര്‍ത്തിവച്ചത്. ഇതിന് മുന്‍പേ സീസണില്‍ 29 മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായത്.