അബുദാബി: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ് തിരഞ്ഞെടുത്തു. കൊല്‍ക്കത്ത കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. ചെന്നൈ ഒരു മാറ്റം കൊണ്ടുവന്നു. ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് പകരം ഇംഗ്ലണ്ട് താരം സാം കറന്‍ ടീമില്‍ ഇടം നേടി.
ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടം ആരംഭിച്ച ശേഷം ചെന്നൈയും കൊല്‍ക്കത്തയും ഇതുവരെ പരാജയപ്പെട്ടിട്ടില്ല. യു.എ.ഇയില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ഇരുടീമുകളും വിജയിച്ചു.
നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്.
മറുവശത്ത് ചെന്നൈ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്താണ് വരുന്നത്. ഇരുടീമുകളും ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ 18 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. തോല്‍വിയ്ക്ക് പകരം വീട്ടാനാണ് കൊല്‍ക്കത്ത ഇന്നിറങ്ങുക. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.
നിലവില്‍ 14 പോയന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ടീം. മറുവശത്ത് എട്ട് പോയന്റുകളുമായി പട്ടികയില്‍ നാലാമതാണ് കൊല്‍ക്കത്ത. ഇന്ന് വിജയിച്ചാല്‍ കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തേക്ക് ഉയരും.ഇതുവരെ 24 ഐ.പി.എല്‍ മത്സരങ്ങളില്‍ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 15 തവണയും ചെന്നൈയാണ് വിജയം നേടിയത്. എട്ട് തവണ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് വിജയിക്കാനായത്.