ഐപിഎൽ 15ാം സീസണിൽ പ്ലേ-ഓഫിലെത്തുന്ന ആദ്യ ടീമാവാൻ ഗുജറാത്ത് ടൈറ്റൻസ്. ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസാണ് എതിരാളികൾ. ഈ സീസണിൽ ഗുജറാത്തും മുംബൈയും ആദ്യമായി മുഖാമുഖം വരുന്ന മൽസരമാണിത്. ടൈറ്റൻസ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാണെങ്കിൽ, മുംബൈ അവസാന സ്ഥാനക്കാരുമാണ്. ബ്രാബൺ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം.
പഞ്ചാബിനോടേറ്റ പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് മുംബൈയ്‌ക്കെതിരേ ശക്തമായ തിരിച്ചുവരവാണ് ഹാർദിക് പാണ്ഡ്യയും സംഘവു ലക്ഷ്യമിടുന്നത്. ഈ സീസണിൽ അവർ പരാജയപ്പെട്ടത് സൺറൈസേഴ്‌സ് ഹൈദാരാബാദ്, പഞ്ചാബ് കിംഗ്സ് എന്നിവർക്കെതിരേ മാത്രമാണ്. 10 മൽസരങ്ങളിൽ നിന്നും എട്ടു ജയവും രണ്ടു തോൽവിയുമടക്കം 16 പോയിന്റോടെയാണ് ഗുജറാത്ത് ടൈറ്റൻസ് ലീഗിൽ തലപ്പത്തു നിൽക്കുന്നത്.
ഇത്രയും മോശം സീസൺ രോഹിത്തിനും സംഘത്തിനും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ആദ്യത്തെ എട്ടു മൽസരങ്ങളിലും തോറ്റതോടെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷയും മങ്ങി. ഒടുവിൽ അവസാന കളിയിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് മുംബൈ തുടർ പരാജയങ്ങൾക്ക് വിരാമമിട്ടത്. അവസാന മൽസരത്തിൽ വിജയവഴിയിൽ മടക്കിയെത്താൻ സാധിച്ചതിനാൽ മുംബൈ ഇന്ത്യൻസ് ടീം കോമ്പിനേഷൻ മാറ്റാൻ സാധ്യതയില്ല.
വിന്നിംഗ് കോമ്പിനേഷൻ തന്നെ ടൈറ്റൻസിനെതിരേ അവർ നിലനിർത്തിയക്കും. എന്നാൽ ഗുജറാത്ത് ടൈറ്റൻസ് ടീമിൽ ഒരു മാറ്റമുണ്ടായേക്കും. പ്രദീപ് സാങ്വാനു പകരം യഷ് ദയാൽ കളിച്ചേക്കുമെന്നാണ് സൂചനകൾ.