ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം

രാജ്കോട്ട്: ഐപിഎല്ലില്‍ രാജ്ക്കോട്ട് സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. സൂപ്പര്‍ ഓവറില്‍ ജസ്പ്രീത് ബുംറയാണ് മുംബൈക്ക് വിജയം നേടി കൊടുത്തത്. ഇരു ടീമുകളും നിശ്ചിത ഓവറില്‍ 153 റണ്‍സെടുത്ത് തുല്യത പാലിച്ചതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടത്.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് ലയണ്‍സ് ഓപ്പണര്‍ ഇഷാന്‍ കിഷന്റെ ബാറ്റിങ് മികവിലാണ് 153 റണ്‍സെടുത്തത്.

കാര്യമായ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ആയില്ലെങ്കിലും മുംബൈയെ 153-ല്‍ തന്നെ പിടിച്ച് നിര്‍ത്താന്‍ ഗുജറാത്തിനായി. സ്‌കോര്‍ സമനിലയായതോടെ സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 11 റണ്‍സെടുക്കാനെ ആയുള്ളൂ.

ഫോക്നറാണ് ഗുജറാത്തിനായി സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. അഞ്ച് പന്ത് നേരിടുന്നിതിനിടെ രണ്ടു വിക്കറ്റ് മുംബൈക്ക് നഷ്ടപെടുകയും ചെയ്തു. തുടര്‍ന്ന് രണ്ടാമത് ബാറ്റ് ചെയ്ത ഗുജറാത്ത് ജസ്പ്രീത് ബുംറക്ക് മുന്നില്‍ മുട്ടു മടക്കി. ആറു റണ്‍സ് മാത്രമാണ് ബുംറ വിട്ടു നല്‍കിയത്.

നേരത്തെ 44 പന്തില്‍ നിന്ന് 70 റണ്‍സ് നേടിയ പാര്‍ത്ഥീവ് പട്ടേലിന്റെ ബാറ്റിങ് മികവിലാണ് മുംബൈ ഗുജറാത്ത് സ്‌കോറിനൊപ്പമെത്തിയത്. അവസാന ഓവറില്‍ 11 റണ്‍സാണ് മുംബൈക്ക് വിജയത്തിനായി വേണ്ടിയിരുന്നത്. ഐപിഎലിലേക്ക് അപ്രതീക്ഷിതമായി തിരിച്ചെത്തിയ ഇര്‍ഫാന്‍ പത്താന്‍ തിരിച്ച് വരവ് ഗംഭീരമാക്കി പത്ത് റണ്‍സ് മാത്രമെ വിട്ട് നല്‍കിയുള്ളൂ.

Top