അബുദാബി : ഐ.പി.എല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മുംബെെ ഇന്ത്യൻസ് . രണ്ടാം സ്ഥാനത്തുള്ളത് റോയല്‍ ചലഞ്ചേഴ്‌സുമാണ്. അതുകൊണ്ട് തന്നെ ഇന്ന് നടക്കാൻ പോകുന്നത് മുന്‍നിരക്കാരുടെ പോരാട്ടമാണ്. ഇരുവര്‍ക്കും ഈ മത്സരം ജയിച്ചാല്‍ പ്ലേ ഓഫിലെത്താം.
11 മത്സരങ്ങള്‍ കളിച്ച മുംബെെ ഇന്ത്യന്‍സിന് ഏഴ് ജയവും നാല് തോല്‍വിയുമായി 14 പോയിന്റുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും 11 കളികളില്‍ ഏഴ് ജയവും നാല് തോല്‍വിയുമാണുള്ളത്. മുംബെെ ഒന്നാം സ്ഥാനത്ത് നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണ്. മുംബെെ ഇന്ത്യന്‍സിനെ സംബന്ധിച്ച് നായകന്‍ രോഹിത് ശര്‍മയുടെ അഭാവം വലിയ തിരിച്ചടിയാകും. രോഹിത് ശര്‍മ ഈ മത്സരത്തിലും കളിക്കാന്‍ സാധ്യതയില്ല. കിരോണ്‍ പൊള്ളാര്‍ഡ് തന്നെയായിരിക്കും മുംബൈയെ നയിക്കുക. രാജസ്ഥാനെതിരെ അതിവേഗ അര്‍ധ സെഞ്ച്വറി നേടിയ ഹര്‍ദിക് പാണ്ഡ്യയാണ് മത്സരത്തില്‍ മുംബൈക്ക് മുന്‍തൂക്കം നല്‍കുന്നത്.
അതേസമയം, ആരോണ്‍ ഫിഞ്ച്, ദേവദത്ത് പടിക്കല്‍, എബി ഡിവില്യേഴ്‌സ് എന്നിവര്‍ ആര്‍സിബിയില്‍ നല്ല ഫോമിലാണ്. ദേവദത്തിന്റെയും ഡിവില്യേഴ്‌സിന്റെ വമ്പനൊരു പ്രകടനത്തിനാണ് ആര്‍സിബി കാത്തിരിക്കുന്നത്. മോറിസും സെയ്‌നിയും തന്നെ ബൗളിംഗില്‍ ആര്‍സിബിക്ക് കരുത്താകും. മുഹമ്മദ് സിറാജിനെയും ഇത്തവണ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7.30ന് അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.