ദുബായ്: ഐപിഎല്ലില്‍ വമ്പന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വീഴ്ത്തി ആറ് വിക്കറ്റ് ജയം സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സ്. 135 വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് അനായാസം ചെന്നൈ ഉയര്‍ത്തിയ സ്‌കോറിനെ മറികടക്കാനായി. 42 പന്തില്‍ ഏഴ് ഫോറും എട്ട് സിക്‌സും പറത്തി 98 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ കെ എല്‍ രാഹുലാണ് പഞ്ചാബിന്റെ വിജയശില്‍പി. 13 റണ്‍സെടുത്ത ഏയ്ഡന്‍ മാക്രമാണ് പഞ്ചാബിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. ഇതോടെ പഞ്ചാബ് കിംഗ്‌സ് പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റണ്‍സാണ് നേടിയത്. 76 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയാണ് ചെന്നൈയുടെ ടോപ്പ് സ്‌കോറര്‍. പഞ്ചാബിനായി ക്രിസ് ജോര്‍ഡനും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഋതുരാജ് ഗെയ്ക്വാദിനെ (12) ഷാരൂഖ് ഖാന്റെ കൈകളിലെത്തിച്ച അര്‍ഷ്ദീപ് സിംഗാണ് പഞ്ചാബിന് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. തുടര്‍ന്ന് ചെന്നൈക്ക് വേഗത്തില്‍ വിക്കറ്റ് നഷ്ടമായി. മൊയീന്‍ അലിയെ (0) അര്‍ഷ്ദീപ് രാഹുലിന്റെ കൈകളില്‍ എത്തിച്ചപ്പോള്‍ റോബിന്‍ ഉത്തപ്പ (2) ക്രിസ് ജോര്‍ഡനിന്റെ പന്തില്‍ ഹര്‍പ്രീത് ബ്രാറിന്റെ കൈകളില്‍ അവസാനിച്ചു.
അമ്പാട്ടി റായുഡുവിനെ (4) ക്രിസ് ജോര്‍ഡാന്റെ പന്തില്‍ അര്‍ഷ്ദീപ് സിംഗ് പിടികൂടി. എം എസ് ധോണി (12) ചില ബൗണ്ടറികളുമായി പ്രതീക്ഷ നല്‍കിയെങ്കിലും രവി ബിഷ്‌ണോയ്ക്ക് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഫാഫ് ഡുപ്ലെസി-രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 46 പന്തില്‍ ഫിഫ്റ്റി തികച്ച ഡുപ്ലെസി പിന്നീട് ചില കൂറ്റന്‍ ഷോട്ടുകളിലൂടെ സ്‌കോര്‍ ഉയര്‍ത്തി. ജഡേജ (15), ബ്രാവോ (4) എന്നിവര്‍ പുറത്താവാതെ നിന്നു.