വിശാഖപട്ടണം: മഴ മുടക്കിയ മത്സരത്തില്‍ ഡക്വര്‍ത് ലൂയിസ് നിയമ പ്രകാരം റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സിന് 19 റണ്‍സ് ജയം. സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ ആറിന് 121. പുണെ: 11 ഓവറില്‍ ഒന്നിന് 76. പുറത്താകാതെ 46 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് പുണെയുടെ വിജയശില്‍പി.
വിജയം നിര്‍ണായകമായ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി പതറി. 41 റണ്‍സെടുത്ത കരുണ്‍ നായര്‍, 20 പന്തില്‍ 38 റണ്‍സെടുത്ത ക്രിസ് മോറിസ് എന്നിവരാണ് ഡല്‍ഹിയെ കരകയറ്റിയത്.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അശോക് ദിന്‍ഡ, സ്പിന്നര്‍ ആഡം സാംപ എന്നിവരാണ് ഡല്‍ഹിയെ തകര്‍ത്തത്. ദിന്‍ഡ നാലോവറില്‍ 20 റണ്‍സ് വഴങ്ങിയപ്പോള്‍ സാംപ 23 റണ്‍സ് വഴങ്ങി. ഡല്‍ഹിയുടെ തുടക്കംതന്നെ തകര്‍ച്ചയോടെയായിരുന്നു.
സ്‌കോര്‍ബോര്‍ഡില്‍ വെറും നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപണര്‍ ക്വിന്റണ്‍ ഡികോക്കിനെ (2) ദിന്‍ഡ വിക്കറ്റിനു മുന്നില്‍ കുരുക്കി ഡല്‍ഹിയെ ഞെട്ടിച്ചു. 25ല്‍ നില്‍ക്കെ ശ്രേയസ് അയ്യരെ (8) ദിന്‍ഡ ഉസ്മാന്‍ ഖ്വാജയുടെ കൈകളിലത്തെിച്ചു. നാലാമനായി ക്രീസിലത്തെിയ മലയാളിതാരം സഞ്ജു വി. സാംസണും (10) തിളങ്ങാനായില്ല.
സഞ്ജു സാംപയെ പ്രതിരോധിക്കാന്‍ ക്രീസ് വിട്ടിറങ്ങിയപ്പോള്‍ വിക്കറ്റിനു പിന്നില്‍ ധോണിക്ക് പിഴച്ചില്ല. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റിഷഭ് പിനെ പെരേരയുടെ കൈകളിലത്തെിച്ച് സാംപ വീണ്ടും ഡല്‍ഹിയെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടു.
പരിചയസമ്പന്നനായ ജെ.പി. ഡുമിനിയെ ദിന്‍ഡ ഇര്‍ഫാന്‍ പത്താന്റെ കൈകളിലത്തെിച്ചതോടെ ഡല്‍ഹിയുടെ പതനം പൂര്‍ണമായി. അവസാന ഓവറുകളില്‍ ക്രിസ് മോറിസ് നടത്തിയ കടന്നാക്രമണമാണ് ഡല്‍ഹിയെ 120 കടത്തിയത്.