ഐപിഎല്‍; റാഷിദ് ഖാനും മുഹമ്മദ് നബിയും യുഎഇയിലെത്തും

ദില്ലി: അഫ്ഗാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനും ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയും ഐപിഎല്‍ പുനരാരംഭിക്കുമ്പോള്‍ യുഎഇയില്‍ കളിക്കുമെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ‘എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത് എന്ന് സംസാരിച്ചിട്ടില്ല. എന്നാല്‍ ഇരുവരും ടൂര്‍ണമെന്റിനുണ്ടാകും’ എന്ന് സണ്‍റൈസേഴ്സ് സിഇഒ കെ ഷണ്‍മുഖന്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെ തുടര്‍ന്ന് ഇരുവരും ഐപിഎല്ലിനെത്തുമോ എന്ന ആശങ്ക ദിവസങ്ങളായുണ്ടായിരുന്നു. സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം ഓഗസ്റ്റ് 31ന് യുഎഇയിലേക്ക് തിരിക്കും. ദ് ഹണ്ട്രഡ് ലീഗില്‍ കളിക്കാനായി യുകെയിലാണ് റാഷിദ് ഖാന്‍ നിലവിലുള്ളത്.

ഐപിഎല്‍ പതിനാലാം സീസണിലെ മത്സരങ്ങള്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനം കാരണം മെയ് മാസം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതോടെയാണ് മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയത്. അവശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് യുഎഇയില്‍ പുനരാരംഭിക്കും. മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തോടെയാണ് രണ്ടാംഘട്ടത്തിന് തുടക്കമാവുന്നത്. ഒക്ടോബര്‍ 15നാണ് ഫൈനല്‍. ടി20 ലോകകപ്പ് തുടങ്ങുന്നതിന് രണ്ട് ദിവസം മാത്രം മുമ്പാണ് ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കുക.

എട്ട് മത്സരങ്ങളില്‍ 12 പോയിന്റുമായി ഡല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 10 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് നാലാം സ്ഥാനത്ത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്സുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴാമതും രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ടാമതുമാണ്.

 

Top